ഏറെ നാളായി ‘മണികർണിക: ദ ക്വീൻ ഓഫ് ഝാൻസി’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. ‘മണികർണിക’യിൽ ഝാൻസി റാണിയുടെ വേഷത്തിലാണ് കങ്കണ അഭിനയിക്കുന്നത്. ചിത്രത്തിന്റെ സംവിധായികയും കങ്കണ തന്നെ. ജനുവരി 25 നാണ് ‘മണികർണിക’ തിയേറ്ററുകളിലെത്തുന്നത്.

“സാധാരണ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് അത്ര വലിയ ഉദ്യമമായി തോന്നാറില്ല. എന്നാൽ പരിപൂർണ്ണയായ ഒരു സ്ത്രീയെ അവതരിപ്പിക്കുക എന്നു പറഞ്ഞാൽ അത്ര എളുപ്പമല്ലതാനും. സിനിമയുടെ ചിത്രീകരണം തുടങ്ങിയ സമയത്ത് ഞാൻ വളരെ അസ്വസ്ഥയായിരുന്നു. ഒരുപാട് വിശ്വാസവും ആത്മവിശ്വാസവും അർപ്പണവുമൊക്കെ ആവശ്യമായിരുന്നു ആ വേഷം ചെയ്യാൻ. ഈ സിനിമ ആദ്യം ഏറ്റെടുക്കുമ്പോൾ ഞാൻ ചിന്തിച്ചത്, ഇതുവരെ എന്താണ് ആരും റാണി ലക്ഷ്മിഭായിയെ കുറിച്ച് ഒരു സിനിമ ഇതുവരെ ചെയ്യാതിരുന്നത് എന്നാണ്. അതുകൊണ്ടു തന്നെ വലിയൊരു ഭാഗ്യമായാണ് ഈ വേഷത്തെ ഞാൻ നോക്കി കാണുന്നത്. ചരിത്രത്തെ അതിന്റെ അമൂല്യതയോടെ തന്നെ സംരക്ഷിക്കാൻ സിനിമയിലുടനീളം ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്,” കങ്കണ പറയുന്നു. ഇന്ത്യൻ എക്സ്‌പ്രസിനോട് സംസാരിക്കുകയായിരുന്നു കങ്കണ.

“ദേശസ്നേഹത്തെക്കുറിച്ചും യഥാർത്ഥ ദേശസ്നേഹികളുടെ വികാരത്തെ കുറിച്ചുമാണ് ചിത്രം സംസാരിക്കുന്നത്. സാധാരണ സിനിമകളിൽ നമ്മൾ സ്നേഹത്തിന്റെ ഫിസിക്കൽ സ്വഭാവത്തെ കുറിച്ചാണല്ലോ കൂടുതലും പറയാറുള്ളത്. എന്നാൽ മണികർണികയിൽ ഞങ്ങൾ സാധാരണ വീക്ഷണ ആംഗിളുകൾക്ക് അപ്പുറം പോയി രണ്ടു വ്യക്തികൾക്കിടയിലെ പ്രണയത്തെ കുറിച്ചാണ് പറയുന്നത്.” കങ്കണ കൂട്ടിച്ചേർക്കുന്നു.

ആക്ഷനും മറ്റും ഏറെ പ്രാധാന്യമുള്ള ചിത്രം തനിക്ക് ഏറെ രസകരമായ അനുഭവങ്ങൾ സമ്മാനിച്ചുവെന്നും താരം പറയുന്നു. ” ചിത്രീകരണം തുടങ്ങുന്ന സമയത്ത് ഞാനേറെ ക്ഷീണിതയായിരുന്നു. എനിക്ക് 50 പൗണ്ട് തൂക്കമേ ഉണ്ടായിരുന്നുള്ളൂ, ഒരു യോദ്ധാവിനെപ്പോലെ തോന്നുമായിരുന്നില്ല. തുടക്കത്തിൽ, 30 മിനിറ്റിൽ കൂടുതൽ സിനിമയ്ക്കു വേണ്ടി ആക്ഷൻ സ്വീകൻസുകൾ റിഹേഴ്സൽ ചെയ്യാൻ കൂടി എനിക്കു സാധിക്കുന്നുണ്ടായിരുന്നില്ല. പതിയെ ഞാൻ സ്റ്റാമിന കൂട്ടി. ക്രമേണ എന്റെ ശരീരഭാരം കൂട്ടി. 10 മുതൽ 12 മണിക്കൂർ ഒക്കെ പ്രാക്റ്റീസ് ചെയ്താലും അതാസ്വദിക്കാൻ തുടങ്ങി. സിനിമയ്ക്കു വേണ്ടി വാൾപയറ്റും കുതിര സവാരിയുമെല്ലാം പഠിച്ചു, അതെല്ലാം തീർത്തും വ്യത്യസ്തമായ മറ്റൊരു ലോകത്തിലേക്കാണ് എന്നെ കൂട്ടികൊണ്ടുപോയത്.”

“ഒരു നടിയെന്ന രീതിയിൽ, ഷോട്ടുകൾ കഴിയുമ്പോൾ സെറ്റുകളിൽ അല്പം വിശ്രമിക്കാൻ കഴിയും. പക്ഷേ സംവിധായകന്റെ കാര്യം അതല്ല. സംവിധായകന്റെ ഉത്തരവാദിത്വങ്ങളും മേക്കപ്പ് പോലുള്ള കാര്യങ്ങളും എനിക്ക് ശ്രദ്ധിക്കേണ്ടിയിരുന്നു. ഞാൻ കൂടുതൽ സമയം പ്രീ-പ്രൊഡക്ഷൻ ജോലികൾക്ക് വേണ്ടി ചെലവഴിച്ചു. ഷൂട്ടിംഗ് അത്ര ബുദ്ധിമുട്ടേറിയതായിരുന്നില്ല.​എന്നാൽ പ്രിപ്പറേഷൻ വർക്കുകൾ ശരിക്കും ആയാസകരമായിരുന്നു. ഈ ചിത്രം എന്നെ കൂടുതൽ കരുത്തയായ വ്യക്തിയാക്കി. ഒരു വ്യക്തിയെന്ന നിലയിൽ അതെന്നെ ആന്തരികമായും വളർത്തിയിട്ടുണ്ട്.”

കമൽ ജെയ്ൻ ആണ് ചിത്രത്തിന്റെ നിർമ്മാതാവ്. “കങ്കണയ്ക്ക് അല്ലാതെ മറ്റാർക്കും ഝാൻസി റാണി എന്ന കഥാപാത്രത്തോട് നീതി പുലർത്താൻ കഴിയില്ലെന്നു ഞാൻ വിശ്വസിക്കുന്നു. കങ്കണ കഥാപാത്രത്തിന് ജീവൻ പകരുകയാണ് ചെയ്തത്,” എന്നാണ് നിർമ്മാതാവായ കമൽ ജെയ്ൻ കങ്കണയുടെ അഭിനയത്തെ വിശേഷിപ്പിക്കുന്നത്.

“എല്ലാ ഇതിഹാസങ്ങളുടെയും മാതാവ് എന്നു വിശേഷിപ്പിക്കാവുന്ന ഒരു സിനിമ എടുക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. പതിനായിരം വർഷങ്ങൾ അതു നിങ്ങളെ പിറകിലോട്ടു നടത്തും. അതിനെ കുറിച്ച് കൂടുതൽ ഒന്നും പറയാൻ ഞാനിപ്പോൾ ആഗ്രഹിക്കുന്നില്ല,” കങ്കണ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook