തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലോടെ ബോളിവുഡിൽ തുടക്കം കുറിച്ച മീ ടൂ ക്യാംപെയിനിൽ കങ്കണ റണാവത്തും തനിക്കുനേരെയുണ്ടായ ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ക്വീൻ സിനിമയുടെ സെറ്റിൽവച്ച് സംവിധായകൻ വികാസ് ബഹൽ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു കങ്കണ വെളിപ്പെടുത്തിയത്. ഇതിനെച്ചൊല്ലി കങ്കണയും സോനം കപൂറും തമ്മിൽ തുറന്ന വാക്പോര് ഉടലെടുത്തിരിക്കുകയാണ്.

ബെംഗളൂരിൽ നടന്ന ‘വോഗ് വീ ദി വുമൺ സമ്മിറ്റി’നിടെയാണ് സോനം കപൂർ തനുശ്രീ ദത്തയുടെ തുറന്നു പറച്ചിലിനെ പ്രകീർത്തിച്ചത്. എന്നാൽ സംവിധായകൻ വികാസ് ബഹലിനെതിരെ കങ്കണയുടെ വെളിപ്പെടുത്തലിൽ വിശ്വാസമില്ല എന്നാണ് സോനം അഭിപ്രായപ്പെട്ടത്. കങ്കണ ഒരുപാട് കാര്യങ്ങൾ പറയാറുണ്ടെന്നും, എല്ലാം വിശ്വസിക്കാൻ പ്രയാസമാണെന്നും, എന്നാൽ തുറന്ന് പറയാനുള്ള കങ്കണയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നെന്നും സോനം കപൂർ പറഞ്ഞു. ”വികാസ് ബഹലിനെ എനിക്ക് അറിയില്ല. സംഭവമെന്താണെന്നതിനെക്കുറിച്ചും അറിയില്ല. എന്നാൽ കങ്കണ എഴുതിയത് ശരിയാണെങ്കിൽ വളരെ മോശപ്പെട്ട കാര്യമാണ്. ഇരകളോടൊപ്പമാണ് ഞാൻ”, സോനം പറഞ്ഞു.

സോനത്തിന്റെ വാക്കുകളോട് ശക്തമായ ഭാഷയിലാണ് കങ്കണ പ്രതികരിച്ചത്. ”എന്നെ വിശ്വസിക്കാൻ പ്രയാസമാണെന്നത് കൊണ്ട് എന്താണ് സോനം ഉദ്ദേശിക്കുന്നത്, ഞാൻ എന്റെ അനുഭവങ്ങളാണ് പങ്കുവയ്ക്കുന്നത്. ആരാണ് അവർക്ക് എന്നെ വിലയിരുത്തുന്നതിന് അധികാരം നൽകിയത്?. ചിലരെ വിശ്വസിക്കാനും ചിലരെ അവിശ്വസിക്കാനും ആരാണ് അവർക്ക് അധികാരം നൽകിയത്?. എന്താണ് എന്രെ വാദങ്ങളെ അവിശ്വസിക്കാനുള്ള കാരണം?. ഞാൻ കള്ളകഥകൾ പറയുന്നവളാണെന്നാണോ? ഞാൻ ഇന്റർനാഷണൽ സമ്മിറ്റിൽ രാജ്യത്തെ പ്രതിനിധീകരിച്ചവളാണ്. ഞാൻ എന്റെ പിതാവിന്രെ മേൽവിലാസത്തിൽ അറിയപ്പെട്ടവൾ അല്ല, സ്വയം പോരാടിയാണ് ഈ നിലയിൽ എത്തിയത്”, കങ്കണ പിങ്ക്‌വില്ല വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

”സോനം ഒരു നല്ല നടിയല്ല, ഒരു നല്ല പ്രാസംഗികയാണെന്നും കരുതുന്നില്ല. ആരാണ് ഇവരെ എനിക്കെതിരെ തിരിക്കുന്നത്. ഇവരെയെല്ലാം പൊളിച്ചടുക്കും ഞാൻ” കങ്കണ പറഞ്ഞു. വിവാദം മുറുകിയതോടെ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നാണ് സോനം കപൂർ പ്രതികരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook