ജൂൺ 14ന് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണ ശേഷം നിരവധി തവണ ബോളിവിഡിലെ സ്വജനപക്ഷപാതത്തെ വിമർശിച്ച് നടി കങ്കണ റണാവത്ത് രംഗത്തെത്തിയിരുന്നു. കരൺ ജോഹർ, ആദിത്യ ചോപ്ര തുടങ്ങിയ നിർമ്മാതാക്കൾ സുശാന്തിന് അകാരണമായി തങ്ങളുടെ ചിത്രങ്ങളിൽ നിന്നും മാറ്റിയെന്നും താരത്തെ മാനസികമായി തളർത്തിയിരുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു.

മാധ്യമങ്ങളിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള തിരസ്കാരവും സമ്മർദ്ദവുമാണ് സുശാന്തിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നും കങ്കണ ആരോപിച്ചിരുന്നു. സ്വജനപക്ഷപാതത്തിന്റെ വക്താക്കൾ ബോളിവുഡിൽ ഉണ്ടെന്നും സുശാന്തിന് അഭിനയിച്ച സിനിമയിലെ പ്രതിഫലം പോലും നൽകിയിട്ടില്ല എന്നും കങ്കണ പറയുന്നു. താൻ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ തന്റെ പത്മശ്രീ മടക്കി നൽകുമെന്ന് കങ്കണ റിപ്പബ്ലക് ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Read More: പണ്ടത്തെ കൗമാരക്കാരന്‍; വേദന ബാക്കിയാക്കി ഒരു ചിത്രം

ഗോഡ്ഫാദർ ഇല്ലാതെയാണ് സുശാന്ത് സിനിമയിൽ ഇത്രത്തോളം മുന്നേറിയതെന്നും ചില താരങ്ങളുടെ മക്കളെ പോലെ ചലച്ചിത്രലോകത്തിന്റെ പിൻവാതിലിലൂടെയല്ല സുശാന്ത് സിനിമയിൽ എത്തിയതെന്നും കങ്കണ പറഞ്ഞിരുന്നു.

ബോളിവുഡ് താരങ്ങളായ താപ്സി പന്നുവിനേയും സ്വര ഭാസ്കറിനേയും കങ്കണ വിമർശിച്ചു. ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ വ്യക്തമായ തെളിവാണ് ഇരുവരുടേയും നിലനിൽപ്പ് തന്നെ എന്ന് കങ്കണ പറഞ്ഞു. ആലിയ ഭട്ടിനെക്കാളും കഴിവും സൌന്ദര്യവും ഉള്ള അഭിനേത്രികളാണ് ഇരുവരുമെന്നും എന്നിട്ടും എന്തുകൊണ്ടാണ് ഇവർക്ക് അവസരങ്ങൾ കുറയുന്നതെന്നും കങ്കണ ചോദിച്ചു.

ബോളിവുഡിന് പുറത്തു നിന്ന് വന്ന എന്നാൽ ഇപ്പോൾ അവിടെ നിലനിൽക്കുന്ന താപ്തി പന്നുവും സ്വര ഭാസ്കറും സ്വാർഥരായ നടിമാരാണെന്ന് കങ്കണ പറഞ്ഞു. ”

താപ്സി പന്നുവും സ്വര ഭാസ്കറും പറഞ്ഞേക്കാം അവർ ബോളിവുഡിനെ സ്നേഹിക്കുന്നു എന്ന്. എനിക്കൊന്നേ ഇവരോട് പറയാനുള്ളൂ. നിങ്ങൾ ബോളിവുഡിനെ സ്നേഹിക്കുന്നുവെങ്കിൽ, കരൺ ജോഹറിനെ സ്നേഹിക്കുന്നുവെങ്കിൽ എന്തുകൊണ്ട് ആലിയയെയും അനന്യയെയും പോലെ നിങ്ങൾക്കും സിനിമകൾ കിട്ടുന്നില്ല, അവർ ഇവിടെ നിലനിൽക്കുന്നത് തന്നെ സ്വജനപക്ഷപാതത്തിന്റെ തെളിവാണ്. എന്റെ ഈ തുറന്നു പറച്ചിലുകൾക്ക് ശേഷം എന്നെ ഭ്രാന്തിയായി ചിത്രീകരിക്കുന്ന ലേഖനങ്ങൾ വരും എനിക്കറിയാം.”

സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് മൊഴി നല്‍കാന്‍ വിളിച്ചിരുന്നു എന്നും എന്നാൽ താൻ മണാലിയില്‍ ആയതിനാല്‍ മൊഴിയെടുക്കാന്‍ ആരെയെങ്കിലും അയയ്ക്കാമോ എന്ന് ചോദിച്ചിരുന്നുവെന്നും കങ്കണ പറയുന്നു. എന്നാല്‍ അതിന് ശേഷം പൊലീസിൽ നിന്നും അറിയിപ്പുകളൊന്നും ലഭിച്ചില്ല എന്നും കങ്കണ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook