ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന സെലിബ്രിറ്റികളിൽ ഒരാളാണ് താനെന്ന് അവകാശപ്പെട്ടിട്ടുള്ള താരമാണ് കങ്കണ റണാവത്ത്. എന്നാൽ ഇപ്പോൾ, ജോലിയില്ല എന്ന കാരണത്താൽ കഴിഞ്ഞ വർഷത്തെ നികുതിയുടെ പകുതി അടയ്ക്കാൻ പോലും തനിക്ക് കഴിഞ്ഞില്ലെന്നു പറയുകയാണ് താരം. അതേസമയം, ബാക്കിയുള്ള നികുതിയ്ക്ക് സർക്കാർ പലിശ ഈടാക്കുന്നതിൽ പ്രശ്നമില്ലെന്നും കങ്കണ കൂട്ടിച്ചേർക്കുന്നു.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് കങ്കണ ഇക്കാര്യം പങ്കുവച്ചത്. “ഞാൻ ഏറ്റവും ഉയർന്ന നികുതി സ്ലാബിന് കീഴിലാണെന്നതിനാൽ എന്റെ വരുമാനത്തിന്റെ 45 ശതമാനവും നികുതിയായി അടയ്ക്കുന്നു, ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന നടിയാണെങ്കിലും ജോലിയില്ലാത്തതിനാൽ കഴിഞ്ഞ വർഷത്തെ നികുതിയുടെ പകുതിപോലും ഇതുവരെ നൽകാൻ കഴിഞ്ഞിട്ടില്ല, ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ.”
“നികുതി അടയ്ക്കാൻ ഞാൻ വൈകിയതിനാൽ ആ നികുതി പണത്തിന് സർക്കാർ പലിശ ഈടാക്കും, ആ നീക്കത്തെ ഞാൻ സ്വാഗതം ചെയ്യുന്നു.” എന്നും കങ്കണ പറയുന്നു. എല്ലാവർക്കും വ്യക്തിപരമായി ഏറെ ബുദ്ധിമുട്ടുകളുള്ള സമയമാണ് പക്ഷേ ഒരുമിച്ച് നിന്നാൽ നമുക്കെല്ലാവർക്കും ഇതിനെ അതിജീവിക്കാനാവുമെന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് കങ്കണ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Read more: മരം നട്ട് കങ്കണ, പാചകവുമായി മാളവിക, ഹൂല ഹൂപ്പുമായി അഹാന; താരങ്ങളുടെ ലോക്ക്ഡൗൺ ജീവിതം