ബോളിവുഡ് താരം കങ്കണ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ അച്ഛന്റെ സഹോദരിയുടെ പഴയകാല ചിത്രം പങ്കുവച്ചിരിക്കുകയാണ്. നവവധുവായി ഒരുങ്ങിയാണ് കങ്കണയുടെ അമ്മായി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.
ചിത്രം പങ്കുവയ്ക്കുന്നതിനൊപ്പം തന്റെ കുട്ടികാലത്തുള്ള ഒരു ഓർമയും കങ്കണ ഷെയർ ചെയ്തിട്ടുണ്ട്. താൻ ഒരു കൂട്ടുകുടുംബത്തിലാണ് വളർന്നതെന്ന് കങ്കണ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച കുറിപ്പിൽ പറയുന്നു. “എന്റെ അമ്മയ്ക്ക് ഒരു ലിപ്സ്റ്റിക്ക് പോലും ഇല്ലായിരുന്നു. കൂട്ടുകുടുംബത്തിൽ വളർന്നതിന്റെ എല്ലാ സന്തോഷവും ഞാൻ അനുഭവിച്ചിട്ടുണ്ട്. അമ്മായിയുടെ കൂടെയായിരിക്കും ഞാൻ എപ്പോഴും നടക്കുക. അവരുടെ ഐഷാഡോ എടുക്കുക, ലിപ്സ്റ്റിക്ക് ഉപയോഗിക്കുക, നെയിൽ പെയിന്റ് പൊടിക്കുക അങ്ങനെയെല്ലാം ചെയ്യും. പക്ഷെ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ ക്ഷമയും കരുണയുമുള്ള സ്ത്രീയാണവർ” കങ്കണ കുറിച്ചു.

പൊതു കാര്യങ്ങളിൽ അഭിപ്രായം പറയുന്നതിനൊപ്പം തന്റെ വ്യക്തി ജീവിതത്തിലെ ചില നിമിഷങ്ങളും കങ്കണ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഹൃത്വിക്ക് റോഷൻ തനിക്കെതിരെ പരാതി നൽകുന്നതിനു മുൻപ് ആമിർ ഖാനെ ആത്മാർത്ഥ സുഹൃത്തായാണ് കണ്ടിരുന്നതെന്ന് ഈയടുത്താണ് കങ്കണ വെളിപ്പെടുത്തിയത്.
“ആമീർ സാറും ഞാനും ഉറ്റ സുഹൃത്തുകളായിരുന്ന ദിവസങ്ങളെ കുറിച്ച് ഞാൻ ഇടയ്ക്ക് ആലോചിക്കാറുണ്ട്. എന്റെ ഒരുപാട് തീരുമാനങ്ങൾക്ക് രൂപം നൽകാനും കരിയറിൽ വളരാനും അദ്ദേഹം സഹായിച്ചിട്ടുണ്ട്.” കങ്കണയുടെ വാക്കുകളിങ്ങനെയായിരുന്നു.
‘ദാകട്’ എന്ന ചിത്രത്തിലാണ് കങ്കണ അവസാനമായി അഭിനയിച്ചത്. താരം മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായി വേഷമിടുന്ന ചിത്രം ‘എമർജൻസി’ റിലീസിനൊരുങ്ങുകയാണ്. കങ്കണ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.