ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോള്‍ ബോളിവുഡിന്റെ സംസാര വിഷയം. ടെലിവിഷന്‍ പരിപാടി ആപ് കി അദാലത്തില്‍ കങ്കണ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഹൃത്വിക് റോഷനെതിരെ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഹൃത്വിക് തന്നോട് മാപ്പു പറയണം എന്നും കങ്കണ പരിപാടിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും ഹൃത്വിക്കുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. കങ്കണയ്ക്കു പറയാന്‍ ഇനിയും ഏറെയുണ്ട്. പറയാന്‍ ഭയവുമില്ല. രാജീവ് മസന്ദിനു നല്‍കിയ അഭിമുഖത്തിൽ കങ്കണ പറഞ്ഞത് തന്റെ ഇ-മെയില്‍ ഐഡിയുടെ പാസ്‌വേഡ് ഹൃത്വിക്കിന് അറിയാമായിരുന്നെന്നും ഹൃത്വിക് അത് ദുരുപയോഗം ചെയ്തുവെന്നുമാണ്.

തന്റെ മെയിലില്‍ നിന്ന് ഹൃത്വിക് അയാളുടെ മെയിലിലേക്ക് സന്ദേശങ്ങള്‍ അയക്കുമെന്ന് താനൊരിക്കലും വിചാരിച്ചില്ലെന്നും ഇതേക്കുറിച്ച് ഹൃത്വിക്കിന്റെ പിതാവിനോട് താന്‍ പരാതി പറഞ്ഞിരുന്നെന്നും കങ്കണ വ്യക്തമാക്കുന്നു. രാത്രി മുഴുവന്‍ തന്റെ മെയില്‍ ഐഡിയും തുറന്നു വച്ച് ഹൃത്വിക് ഇരിക്കാറുണ്ടായിരുന്നെന്നും ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ സഹായിക്കാമെന്ന് ഹൃത്വകിന്റെ പിതാവ് ഉറപ്പു നല്‍കിയെന്നും എന്നാല്‍ അദ്ദേഹം ഒന്നും ചെയ്തില്ലെന്നും കങ്കണ പറയുന്നു. അവസാനം താന്‍ ആ അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്‌തെന്നും കങ്കണ വ്യക്തമാക്കി. അതേ സമയം ആ മെയിലുകളില്‍ ചിലത് താന്‍ തന്നെ എഴുതിയതാണെന്നും കങ്കണ സമ്മതിക്കുന്നുണ്ട്.

Read More: ഋത്വിക് എന്നെ മാനസിക രോഗിയാക്കി, ക്ഷമ പറയണം; കണ്ണീരോടെ കങ്കണ- വിഡിയോ

പിന്നീട് ഹൃത്വിക് വൃത്തികെട്ട പബ്ലിക് റിലേഷന്‍ വര്‍ക്കായിരുന്നു ചെയ്തുകൊണ്ടിരുന്നതെന്നാണ് കങ്കണയുടെ ആരോപണം. താന്‍ ഹൃത്വിക്കിനോട് മാപ്പ് പറയണമെന്നാണ് ബോളിവുഡില്‍ എല്ലാരും പറയുന്നതെന്നും അല്ലാത്ത പക്ഷം തന്നെ അഴിക്കുള്ളിലാക്കുമെന്നും പറയുന്നതായി പരസ്യപ്രചരണവും ഹൃത്വിക് നടത്തിയിരുന്നെന്ന് കങ്കണ തുറന്നടിച്ചു.

ഞാന്‍ കുറച്ച് കാലം പ്രതികരിച്ചില്ല. എനിക്ക് പേടിയുണ്ടായിരുന്നു. നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അത്തരത്തിലായിരുന്നു. മലയാള നടിയുടെ സംഭവം തന്നെ ഉദാഹരണം. നടന്റെ ഭാര്യയോട് പരാതി പറഞ്ഞ അവര്‍ക്ക് എന്ത് സംഭവിച്ചു. അവളെ അവര്‍ ക്രൂരമായി പീഡിപ്പിച്ചു-കങ്കണ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ