ബോളിവുഡിലെ വിവാദനായികയാണ് കങ്കണ. താരത്തിന്റെ രാഷ്ട്രീയനിലപാടുകളും ട്വീറ്റുകളും തുറന്ന അഭിപ്രായങ്ങളുമൊക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ വിവാദങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. കങ്കണയുടെ പുതിയ ഇൻസ്റ്റഗ്രാം ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. താൻ ചെറുപ്പക്കാലത്ത് മധുബാലയുടെ തനിപ്പകർപ്പായിരുന്നു എന്നാണ് ചിത്രങ്ങൾ പങ്കിട്ട് കങ്കണ കുറിക്കുന്നത്. മധുബാലയുടെയും തന്റെയും ഏതാനും ചിത്രങ്ങളും കങ്കണ ഷെയർ ചെയ്തിട്ടുണ്ട്.
“ആളുകൾ സ്‌ക്രീനിൽ ഞാൻ സിനിമാ ദേവതയായ മധുബാലയെ അവതരിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്റെ തുടക്കക്കാലത്ത് ഞാൻ മധുബാലയുടെ തനിപ്പകർപ്പായിരുന്നു, ഇപ്പോൾ ആ ഛായയുണ്ടോ എന്നറിയില്ല,” കങ്കണ കുറിച്ചു. സിനിമയിലെ തന്റെ തുടക്കക്കാലത്തെ ഏതാനും ചിത്രങ്ങളും കങ്കണ ഷെയർ ചെയ്തു.


എമർജൻസി എന്ന ചിത്രത്തിന്റെ റിലീസിനൊരുങ്ങുകയാണ് കങ്കണ. ചിത്രം സംവിധാനം ചെയ്യുന്നതും കങ്കണയാണ്. ചിത്രത്തിൽ ഇന്ദിരാഗാന്ധിയായി അഭിനയിക്കുന്നതും കങ്കണയാണ്. അനുപം ഖേർ, മിലിന്ദ് സോമൻ, ശ്രേയസ് തൽപാഡെ, സതീഷ് കൗശിക്, മഹിമ ചൗധരി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
മുൻപ് മെറിൽ സ്റ്റീപ്പുമായി സ്വയം താരതമ്യം ചെയ്തുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് ട്രോളന്മാർ ഏറ്റെടുത്തിരുന്നു. ”ഈ ഗ്രഹത്തിലെ ഏതെങ്കിലുമൊരു നടിക്ക് എന്നേക്കാൾ കൂടുതൽ ബുദ്ധിയും റേഞ്ചും ഉണ്ടെങ്കിൽ അവരുമായി ഒരു തുറന്ന സംവാദത്തിന് ഞാൻ തയ്യാറാണ്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ എന്റെ അഹങ്കാരം ഞാൻ മാറ്റിവയ്ക്കാം. പക്ഷെ അതുവരെ അഭിമാനത്തോടെയുള്ള ആഡംബരം ഞാൻ തുടരും” ഇതായിരുന്നു കങ്കണയുടെ ട്വീറ്റ്. ഹോളിവുഡ് നടി മെറിൽ സ്ട്രീപ് ചെയ്തതുപോലെ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങൾ ചെയ്യാനും ഇസ്രായേൽ നടി ഗാൽ ഗാഡോട്ടിനെപ്പോലെ ആക്ഷനും ഗ്ലാമറും ഒത്തുചേർന്ന കഥാപാത്രങ്ങൾ ചെയ്യാനും തനിക്ക് സാധിക്കുമെന്നുമാണ് കങ്കണ ട്വീറ്റിൽ പറഞ്ഞത്.