നടന്മാർക്കൊപ്പം പ്രതിഫലം വാങ്ങിക്കുന്ന നടിമാർ വളരെ കുറവായ തൊഴിലിടങ്ങളിലൊന്നാണ് സിനിമാ ഇൻഡസ്ട്രി. മലയാളത്തിലും തമിഴകത്തും മാത്രമല്ല, ബോളിവുഡിൽ വരെ സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യൻ നടിമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയ നായിക എന്ന വിശേഷണം ഇതുവരെ ദീപിക പദുകോണിനു സ്വന്തമായിരുന്നു. സജ്ഞയ് ലീല ബൻസാലി സംവിധാനം ചെയ്ത ‘പദ്മാവതി’നു വേണ്ടി 13 കോടി രൂപയായിരുന്നു ദീപിക പ്രതിഫലമായി വാങ്ങിയത്. എന്നാൽ ദീപികയുടെ റെക്കോർഡ് മറികടക്കുകയാണ് കങ്കണ റണാവത്ത്.

തമിഴിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ജയലളിതയുടെ ജീവചരിത്രസിനിമയ്ക്കായി 24 കോടി രൂപയാണ് കങ്കണയുടെ പ്രതിഫലമെന്നാണ് ബോളിവുഡിൽ നിന്നും വരുന്ന വാർത്ത. ചിത്രത്തിന്റെ കരാറിൽ ഇതിനകം തന്നെ കങ്കണ ഒപ്പുവച്ചു കഴിഞ്ഞു എന്നും റിപ്പോർട്ടുകൾ പറയുന്നു. ‘തലൈവി’ എന്ന പേരിൽ തമിഴിലും ‘ജയ’ എന്ന പേരിൽ ഹിന്ദിയിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകൻ എ എൽ വിജയ് ആണ്. ‘മദ്രാസപട്ടണം’, ‘ദൈവതിരുമകൾ’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ വിജയ് തന്നെയാണ്, കങ്കണയുടെ ജന്മദിനമായ മാർച്ച് 23 ന് ചിത്രത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയത്.

‘മണികർണിക: ദ ക്യൂൻസ് ഒാഫ് ഝാൻസി’യെന്ന ഐതിഹാസിക ചിത്രത്തിന്റെ വിജയത്തിനു പിന്നാലെയാണ് മുൻ തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവിതം സ്ക്രീനിൽ അവതരിപ്പിക്കാൻ കങ്കണ ഒരുങ്ങുന്നത്. ‘തലൈവി’ എന്ന ഈ ചിത്രം നൂറുശതമാനവും ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്നതാണെന്നും അതിനായി ജയലളിതയുടെ അനന്തരവൻ ദീപകിൽ നിന്നും തങ്ങൾ എൻഒസി സർട്ടിഫിക്കറ്റ് കൈപ്പറ്റിയിട്ടുണ്ടെന്നും അണിയറപ്രവർത്തകർ പറയുന്നു.

‘ബാഹുബലി’, ‘മണികർണിക’, ‘ഭജരംഗി ഭായിജാന്‍’ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കർമ്മ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജി വി പ്രകാശ് സംഗീതവും നിർവ്വഹിക്കും. മദൻ കർകിയാണ് ഗാനങ്ങൾ ഒരുക്കുന്നത്. കഴിഞ്ഞ 10 മാസത്തോളമായി അണിയറയിൽ പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.

Read more: തലൈവിയാവാൻ ഒരുങ്ങി കങ്കണ റണാവത്

ഒരു മുഖ്യധാരസിനിമയ്ക്ക് ഇണങ്ങിയ മികച്ചൊരു ആശയമാണ് ജയലളിതയുടെ ജീവിതമെന്നും ഈ പ്രൊജക്റ്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നുമായിരുന്നു ചിത്രത്തെ കുറിച്ച് കങ്കണയുടെ പ്രതികരണം. ” ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയകഥകളിൽ ഒന്നാണ് ജയലളിതജിയുടേത്. സൂപ്പർ സ്റ്റാറായിരുന്ന അവർ ശ്രദ്ധേയയായ രാഷ്ട്രീയബിംബമായി മാറി. മുഖ്യധാരാ സിനിമയ്ക്ക് ഇണങ്ങിയ മികച്ച ആശയമാണ് അവരുടെ ജീവിതം,” കങ്കണ പറഞ്ഞു.

അതേസമയം, ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി മറ്റൊരു ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്. സംവിധായകൻ മിഷ്കിന്റെ അസിസ്റ്റന്റായിരുന്ന പ്രിയദർശിനി സംവിധാനം ചെയ്യുന്ന ‘ദി അയേൺ ലേഡി’. ചിത്രത്തിൽ നിത്യമേനോനാണ് ജയലളിതയെ അവതരിപ്പിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ