കങ്കണയും രാജ്കുമാര്‍ യാദവും ഒരുമിക്കുന്ന ജഡ്ജ്‌മെന്റല്‍ ഹേ ക്യാ റിലീസിന് ഒരുങ്ങുകയാണ്. ഇതിനിടെ കങ്കണയുടെ പുതിയ ആക്ഷന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. ആക്ഷന്‍ ത്രില്ലറായ ദാക്കഡിന്റെ പോസ്റ്ററാണ് പുറത്ത് വിട്ടത്. മണികര്‍ണികയ്ക്ക് ശേഷം കങ്കണ ആക്ഷന്‍ റോളിലെത്തുന്ന ചിത്രമാകും ദാക്കഡ്.

രണ്ട് കൈകളിലും തോക്കുമായി നില്‍ക്കുന്ന കങ്കണയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ഹോളിവുഡ് സിനിമകളെ ഓര്‍മ്മിപ്പിക്കുന്ന പോസ്റ്റര്‍ ചിത്രം ദിപാവലിയ്ക്കായിരിക്കും റിലീസിനെത്തുക എന്ന സൂചനയും നല്‍കുന്നു.

ചിന്ദന്‍ ഗാന്ധിയും റിനിഷ് രവീന്ദ്രയും തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്ന പരസ്യ ചിത്ര സംവിധായകനായ റസ്‌നീഷ് ഗായ് ആയിരിക്കും. മണികര്‍ണികയുടെ വിജയത്തോടെ പ്രേക്ഷകര്‍ സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രമാക്കിയൊരുക്കുന്ന ആക്ഷന്‍ ചിത്രങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് തെളിയിക്കപ്പെട്ടെന്നും ദാക്കഡ് തന്റെ കരിയറിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ ബെഞ്ച് മാര്‍ക്കായി മാറുമെന്നും കങ്കണ പറഞ്ഞു.

ചിത്രം വിജയിക്കുകയാണെങ്കില്‍ പിന്നീട് ഇന്ത്യന്‍ സിനിമയില്‍ സ്ത്രീ കേന്ദ്രീകൃത ആക്ഷന്‍ ചിത്രങ്ങള്‍ക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ലെന്നും കങ്കണ പറഞ്ഞു. ഇന്ത്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ്. ഹോളിവുഡ് ആക്ഷന്‍ ഡയറക്ടറെ ചിത്രത്തില്‍ കൊണ്ടു വരാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook