ബോളിവുഡ് നടി സൈറ വസീമിന് വിമാനയാത്രയ്ക്കിടെയുണ്ടായ മോശം അനുഭവത്തിൽ പ്രതികരിച്ച് കങ്കണ റണാവത്ത്. മുംബൈയിൽ ശോഭ ദേയുടെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവേയാണ് സൈറയെ പിന്തുണച്ച് കങ്കണ സംസാരിച്ചത്.

”വിമാന യാത്രയ്ക്കിടെ സൈറയ്ക്കുണ്ടായ അനുഭവം എന്നെ അസ്വസ്ഥയാക്കുന്നുണ്ട്. സൈറയ്ക്കുണ്ടായ അനുഭവം എത്രത്തോളം മോശമാണെന്ന് എനിക്കറിയില്ല. സൈറയുടെ പിറകിലിരുന്നയാൾ സീറ്റിനടിയിലൂടെ കാൽ നീട്ടി അവളുടെ ശരീരത്തിൽ സ്പർശിച്ചതായി പലരും സമ്മതിക്കുന്നുണ്ട്. ചിലർ പറയുന്നത് അയാൾ കാലുകൾ നീട്ടിവച്ച് വിശ്രമിക്കുകയായിരുന്നെന്നാണ്. അയാൾ ചെയ്തത് വളരെ തെറ്റാണ്. എന്നെ സംബന്ധിച്ചിടത്തോളം അത് ക്ഷമിക്കാനാവാത്ത തെറ്റാണ്. സൈറയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ അയാളുടെ കാലുകൾ തല്ലിയൊടിച്ചേനെ”-കങ്കണ പറഞ്ഞു.

ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയിൽ വിമാനത്തിനുള്ളിൽ വച്ചാണ് ഒരാൾ പതിനേഴുകാരിയായ നടിയോട് മോശമായി പെരുമാറിയത്. എയർ വിസ്താര വിമാനത്തിൽ വച്ച് തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് വിമാനത്തിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ നടി തന്നെ വെളിപ്പെടുത്തി.

‘അവസാനം ഞാൻ പുറത്തിറങ്ങിയിരിക്കുന്നു. ഇങ്ങനെയല്ല പെൺകുട്ടികളോട് പെരുമാറേണ്ടത്. അത്ര മോശമായിട്ടായിരുന്നു അയാളുടെ പ്രവൃത്തികൾ. ഇങ്ങനെയാണോ പെൺകുട്ടികൾ പരിപാലിക്കപ്പെടേണ്ടത്. നമ്മൾ തന്നെ നമ്മളെ സഹായിച്ചില്ലെങ്കിൽ മറ്റാരും നമ്മെ സഹായിക്കാനെത്തില്ല’ കരഞ്ഞു കൊണ്ടു താരം പറയുന്നു.

തന്റെ സീറ്റിന് പിറകിലെ സീറ്റിൽ ഇരുന്നയാളാണ് തന്നെ ഉപദ്രവിച്ചതെന്ന് നടി പറയുന്നു. പിറകിലിരുന്നയാൾ സീറ്റിനിടയിലൂടെ കാൽ നീട്ടി നടിയുടെ ശരീരത്തിൽ പലതവണ സ്പർശിക്കുകയും തലോടുകയുമായിരുന്നു. ‘ഇത് 10-15 മിനിറ്റ് നീണ്ടു നിന്നു. അയാൾ എന്റെ കഴുത്തിൽ തൊട്ടു കൊണ്ടിരുന്നു. പിന്നെ കാൽ താഴോട്ടും മേലോട്ടും അനക്കിക്കൊണ്ടിരിക്കുകയായിരുന്നു.’ നടി വിഡിയോയിൽ വിവരിക്കുന്നു.

ഉറക്കത്തിലായിരുന്ന താൻ ആദ്യ ഇത് ശ്രദ്ധിച്ചില്ലെന്നും പിന്നെയാണ് കാൽ ശരിക്കും തന്റെ ശരീരത്തിൽ തലോടാൻ തുടങ്ങിയതെന്നും സൈറ വ്യക്തമാക്കുന്നു. അതിക്രമിയുടെ ഫോട്ടോയെടുക്കാൻ നടി ശ്രമിച്ചെങ്കിലും വെളിച്ചക്കുറവ് കാരണം അത് വിജയിച്ചില്ല. എങ്കിലും തന്റെ സീറ്റിലേക്ക് വന്ന അക്രമിയുടെ കാലിന്റെ വിഡിയോ എടുക്കാൻ നടിക്ക് സാധിച്ചു. ഈ വിഡിയോയാണ് നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ