സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യ ബോളിവുഡിനെ പുതിയ വിവാദങ്ങളിലേക്ക് നയിച്ചിരിക്കുകയാണ്. സ്വജനപക്ഷപാതം, സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമല്ലാതെ വരുന്ന അഭിനേതാക്കളെ ബോളിവുഡ് പരിഗണിക്കുന്ന രീതി അതിനെ കുറിച്ചെല്ലാമുള്ള ചർച്ചകളും വിവാദങ്ങളുമൊക്കെ സജീവമാകുകയാണ്. ബോളിവുഡ് കീഴ്‌വഴക്കങ്ങൾക്കെതിരെ ശക്തമായി വിരൽചൂണ്ടി കൊണ്ട് നടി കങ്കണ റണാവത്തും രംഗത്തുണ്ട്.

“ഒരിക്കൽ ജാവേദ് അക്തർ എന്നെ വീട്ടിലേക്ക് വിളിപ്പിച്ചു. രാകേഷ് റോഷനും കുടുംബവും വളരെ വലിയ ആളുകളാണ്. നിങ്ങൾ അവരോട് ക്ഷമ ചോദിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് പോകാൻ ഒരിടവുമില്ല. അവർ നിങ്ങളെ ജയിലിലടയ്ക്കും. നാശത്തിന്റെ പാതയാവും അത്, നിങ്ങൾ ആത്മഹത്യ ചെയ്യേണ്ടിവരും. ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഹൃത്വിക് റോഷനോട് ഞാൻ ക്ഷമ ചോദിക്കുന്നില്ലെങ്കിൽ എനിക്ക് ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് അദ്ദേഹം ചിന്തിച്ചത് എന്തുകൊണ്ടാണ്? അലറിവിളിച്ചു കൊണ്ടാണ് അയാളത് പറഞ്ഞത്, ഞാൻ ആ വീട്ടിൽ വിറച്ചിരിക്കുകയായിരുന്നു. ”കങ്കണ പറയുന്നു. ഹൃത്വിക് റോഷനുമായുള്ള കങ്കണയുടെ നിയമയുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള സംഭവങ്ങൾ തുറന്നു പറയുകയായിരുന്നു കങ്കണ.

Read more: നിങ്ങളെന്നെ അപമാനിക്കുകയാണ്; ഖാൻമാരുടെ വായടപ്പിച്ച് നടൻ നീൽ

തന്റെ അവസ്ഥയും സുശാന്തിന്റെ അവസ്ഥയും ഏറെക്കുറെ ഒന്നാണെന്നും കങ്കണ പറഞ്ഞു. “അവർ സുശാന്തിനെ വിളിച്ചിരുന്നോ? അത്തരം ചിന്തകൾ സുശാന്തിലേക്കും പകർന്നിരുന്നോ? എനിക്കറിയില്ല, പക്ഷേ അദ്ദേഹവും സമാന അവസ്ഥയിലായിരുന്നു എന്നറിയാം. സ്വജനപക്ഷപാതത്തിനും പ്രതിഭയ്ക്കും ഒന്നിച്ച് മുന്നോട്ട് പോവാനാവില്ലെന്ന് അദ്ദേഹം അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്, കാരണം അവർ പ്രതിഭകളെ പുറത്തുവരാൻ അനുവദിക്കില്ല. എനിക്ക് ആ അവസ്ഥ മനസ്സിലാവും, അതുകൊണ്ടാണ് ഞാൻ ചോദ്യങ്ങൾ ചോദിക്കുന്നത്. ഈ കളികളുടെ പിറകിൽ ആരാണെന്ന് എനിക്കറിയണം.”

സുശാന്തിനെപ്പോലെ തന്നെ തനിക്കും ആദിത്യ ചോപ്രയുമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കങ്കണ പറഞ്ഞു. തന്നെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ഒരിക്കലും തനിക്കൊപ്പം പ്രവർത്തിക്കില്ലെന്ന് ആദിത്യ ചോപ്ര പറഞ്ഞതായും കങ്കണ കൂട്ടിച്ചേർത്തു.

“അവരെന്നെ ഒറ്റപ്പെടുത്തിയതു മുതൽ നിരവധി തവണ എനിക്ക് ഏകാന്തത അനുഭവപ്പെടുകയും എന്താണ് എനിക്ക് സംഭവിക്കുന്നതെന്ന് ആലോചിക്കുകയും ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ പദവിയുള്ള ആളുകൾ ഒരിക്കലും മറ്റൊരാളുമായി പ്രവർത്തിക്കില്ലെന്ന് പറയുന്നത്? എന്ത് അധികാരമാണ് അതിനുള്ളത്? ഒരാൾക്ക് മറ്റൊരാളുടെ കൂടെ പ്രവർത്തിക്കണോ എന്നത് വ്യക്തിഗതമായ തിരഞ്ഞെടുപ്പാണ്, പക്ഷേ എന്തിനാണ് അത് ലോകത്തിനു മുന്നിൽ പ്രഖ്യാപിക്കുന്നത്, കൂട്ടംചേർന്ന് അത് സാധ്യമാക്കുന്നത്? ഇത് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. അവരുടെ കൈകളിൽ രക്തം പുരണ്ടിട്ടുണ്ട്. അവർ ഉത്തരം പറയേണ്ടതുണ്ട്, ഈ ആളുകളെ തുറന്നുകാട്ടാൻ ഞാൻ ഏതു പരിധിവരെയും പോവും.” കങ്കണ കൂട്ടിച്ചേർത്തു.

തന്റെ പ്രൊഫഷണൽ ജീവിതത്തിലെ കോളിളക്കങ്ങൾ കാരണം തന്റെ സ്വകാര്യജീവിതവും നശിച്ചുവെന്ന് കങ്കണ പറയുന്നു. “അവർ എന്നോട് ഇങ്ങനെയൊക്കെ ചെയ്തു കൊണ്ടിരുന്നതിനിടയിലും എന്നെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന ഒരു വ്യക്തി ഉണ്ടായിരുന്നു. അവൻ പക്ഷേ അകന്നുപോയി, അവൻ ഓടിപ്പോയെന്ന് അവർ ഉറപ്പുവരുത്തി. എന്റെ കരിയറിനെക്കുറിച്ച് യാതൊരു ഉറപ്പുമില്ലെന്ന് മനസ്സിലായപ്പോൾ എന്റെ പ്രണയം പൂർണമായും വിട്ടിട്ടു പോയി. എനിക്കെതിരെ ആറ് കോടതി കേസുകളാണ് ഉള്ളത്, അവർ ഇപ്പോഴും എന്നെ ജയിലിൽ അടയ്ക്കാൻ ശ്രമിക്കുകയാണ്. ”

Read more: ഒരുപാട് വേദനകളിലൂടെയാണ് നീ കടന്നുപോയത്; സുശാന്തിന് സഹോദരിയുടെ കുറിപ്പ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook