കങ്കണ റണൗത്ത് റാണി ലക്ഷ്‌മി ഭായ് ആയെത്തുന്നു. ലക്ഷ്‌മി ഭായ്‌യുടെ ജീവിതം പറയുന്ന മണികർണിക-ദി ക്യൂൻ ഓഫ് ജാൻസി എന്ന ചിത്രത്തിന്റെ ഒരുക്കത്തിലാണ് കങ്കണയിപ്പോൾ. സിനിമയിലെ കങ്കണയുടെ ആദ്യ സ്‌കെച്ച് ചിത്രങ്ങൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടു. കഴുത്ത് വരെയുളള മുടിയുമായ് തലപ്പാവു വെച്ച് വലിയ കമ്മലും മൂക്കുത്തിയും ധരിച്ച കങ്കണയുടെ ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. വ്യത്യസ്‌തമായ വേഷപകർച്ചകളിലൂടെയും ഭാവപകർച്ചകളിലൂടെയും നമ്മെ വിസ്‌മയിപ്പിച്ച കങ്കണ റണൗത്തിന്റെ ശക്തമായ മറ്റൊരു കഥാപാത്രമായിരിക്കുമിതെന്നാണ് സിനിമാ പ്രേമികളുടെ പ്രതീക്ഷ. രാധ കൃഷ്‌ണ ജാഗർലാമുഡിയാണ് മണികർണിക-ദി ക്യൂൻ ഓഫ് ജാൻസി സംവിധാനം ചെയ്യുന്നത്. ബാഹുബലി, ബജ്റംഗി ബായ്ജൻ തുടങ്ങിയ ചിത്രങ്ങൾക്ക് പേന ചലിപ്പിച്ച കെ.വി.വിജയേന്ദ്ര പ്രസാദാണ് ഈ സിനിമയുടെ തിരക്കഥയെഴുതുന്നത്.

kangana ranaut, manikarnika – the queen of jhans

കുതിരപ്പുറത്തുളള യാത്രയും വാൾപയറ്റുമെല്ലാം പരിശീലിച്ച് ചിത്രത്തിലെ കഥാപാത്രമാവാനുളള കഠിന പരിശീലനത്തിലാണ് താരമെന്നാണ് സിനിമാ ലോകത്ത് നിന്നുളള വിവരം. ചിത്രത്തിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി കങ്കണ കുതിര സവാരി പരിശീലിക്കുന്ന താരത്തിന്റെ വിഡിയോ നേരത്തെ സമൂഹമാധ്യമങ്ങളിൽ പങ്ക്‌വച്ചിരുന്നു. ജൂൺ ആദ്യ വാരം മണികർണിക-ദി ക്യൂൻ ഓഫ് ജാൻസിയുടെ ചിത്രീകരണം തുടങ്ങും.

ഇന്ത്യയുടെ സ്വാതന്ത്ര സമര ചരിത്രത്തിലെ ധീരയായ വനിതയാണ് ലക്ഷ്മി ഭായ്. 1857ലെ സ്വാതന്ത്ര സമരപോരാട്ടത്തിൽ ബ്രിട്ടീഷുകാർക്കെതിരെ തലയെടുപ്പോടെ പട നയിച്ച ധീര വനിതയാണ്. ലക്ഷ്‌മിഭായിയുടെ ചെറുപ്പത്തിലെ പേര് മണികർണികയെന്നായിരുന്നു. ജാൻസിയിലെ രാജാവായ ഗംഗാധർ റാവു നേവാൾക്കറിനെ വിവാഹം ചെയ്‌ത ശേഷമാണ് മണികർണിക എന്ന പേര് മാറ്റി ലക്ഷ്‌മിഭായിയാവുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ