തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ കൊണ്ടു മാത്രമല്ല, തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറയാനുള്ള തന്റേടം കൊണ്ടു കൂടിയാണ് നടി കങ്കണ റണാവത്ത് വ്യത്യസ്തയാകുന്നത്. പല പരിഹാസങ്ങളും, ക്രൂര തമാശകളും ശരിയല്ല എന്നു പറയുന്നതില്‍ കങ്കണ ഒരിക്കലും മടി കാണിച്ചിട്ടില്ല. സുല്‍ത്താന്‍ സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ ഗുസ്തി കഴിഞ്ഞിറങ്ങി വന്ന തന്റെ അവസ്ഥ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയുടേതു പോലെയായിരുന്നുവെന്ന സല്‍മാന്‍ ഖാന്റെ പരാമര്‍ശത്തെ ശക്തമായി വിമര്‍ശിച്ച ആളാണ് കങ്കണ.

എന്നാല്‍ ഇത്തവണ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന പാര്‍ട്ടിയില്‍ നടന്‍ ജിം സാര്‍ഭ് നടത്തിയ ബലാത്സംഗ പരാമര്‍ശത്തിനു കങ്കണ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. വീഡിയോ വൈറലായതോടെ, കങ്കണയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ നിറഞ്ഞു.

മദ്യം ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് പന്ത്രണ്ടു ലൈംഗിക തൊഴിലാളികളാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നതാണെന്നായിരുന്നു പാര്‍ട്ടിയില്‍ ജിം പറഞ്ഞത്. ഈ വാക്കുകള്‍ക്ക് കങ്കണയും കൂടെയുള്ളവരും പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. കങ്കണ അവസരവാദിയാണെന്നും തന്റെ നിലപാടില്‍ മലക്കം മറിയുകയാണെന്നുമാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം.

താനൊരു ഫെമിനിസ്റ്റാണെന്ന് പറയുന്ന നടി ജിമ്മിന്റെ വാക്കുകള്‍ പ്രോത്സാഹിപ്പിച്ചതിലൂടെ അവരുടെ ഇരട്ടത്താപ്പാണ് പുറത്തുവന്നതെന്നും, ബലാത്സംഗം എന്നത് ഇത്തരത്തില്‍ ചിരിച്ചു തള്ളേണ്ട ഒരു തമാശയല്ലെന്നുമാണ് കങ്കണയ്ക്കെതിരെ ഉയരുന്ന വിമര്‍ശനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ