‘മണികർണിക: ദ ക്യൂൻസ് ഒാഫ് ഝാൻസി’യെന്ന ഐതിഹാസിക ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ മുൻ തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവിതം സ്ക്രീനിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കങ്കണ റണാവത്ത്. എ എൽ വിജയ് ആണ് ജയലളിതയുടെ ഈ ജീവചരിത്രസിനിമ സംവിധാനം ചെയ്യുന്നത്. ‘മദ്രാസപട്ടണം’, ‘ദൈവതിരുമകൾ’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ എഎൽ വിജയ് തന്നെയാണ് ചിത്രത്തിന്റെ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെച്ചത്. കങ്കണയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ആരാധകർക്കൊരു സർപ്രൈസ് സമ്മാനമെന്ന രീതിയിലാണ് സംവിധായകൻ ഇന്ന് തന്നെ ചിത്രം അനൗൺസ് ചെയ്തിരിക്കുന്നത്. ‘തലൈവി’ എന്ന പേരിൽ തമിഴിലും ‘ജയ’ എന്ന പേരിൽ ഹിന്ദിയിലുമാണ് ചിത്രമൊരുങ്ങുന്നത്.

“രാജ്യത്തെ ഏറ്റവും കരുത്തയായ നേതാക്കളിൽ ഒരാളായിരുന്നു ജയലളിത മാഡം. അവരെ കുറിച്ച് ഒരു ജീവചരിത്രസിനിമ ഒരുക്കുക എന്നത് വലിയൊരു ഉത്തരവാദിത്വമാണ്. വളരെ ശ്രദ്ധയോടും സത്യസന്ധതയോടെയും ഞങ്ങൾ ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ഡൈനാമിക് ലീഡറായ ജയലളിത മാഡത്തെ അവതരിപ്പിക്കാൻ ഇന്ത്യയിലെ വലിയൊരു താരവും പ്രതിഭാധനയുമായ കങ്കണ റണാവത്ത്ജിയെ തന്നെ തയ്യാറായതിൽ സന്തോഷവും അഭിമാനവുമുണ്ട്,” എഎൽ വിജയ് പറഞ്ഞു.

ഒരു മുഖ്യധാരസിനിമയ്ക്ക് ഇണങ്ങിയ മികച്ചൊരു ആശയമാണ് ജയലളിതയുടെ ജീവിതമെന്നും ഈ പ്രൊജക്റ്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നുമായിരുന്നു കങ്കണയുടെ പ്രതികരണം. ” ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയകഥകളിൽ ഒന്നാണ് ജയലളിതജിയുടേത്. സൂപ്പർ സ്റ്റാറായിരുന്ന അവർ ശ്രദ്ധേയയായ രാഷ്ട്രീയബിംബമായി മാറി. മുഖ്യധാരാ സിനിമയ്ക്ക് ഇണങ്ങിയ മികച്ച ആശയമാണ് അവരുടെ ജീവിതം,” കങ്കണ പറഞ്ഞു.

‘ബാഹുബലി’, ‘മണികർണിക’, ‘ഭജരംഗി ഭായിജാന്‍’ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കർമ്മ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഈ ചിത്രത്തിനു വേണ്ടി സംവിധായകൻ വിജയ് വിദ്യാ ബാലനെയും നയൻതാരയേയും സമീപിക്കാൻ ഒരുങ്ങുന്നു എന്ന് മുൻപ് വാർത്തകളുണ്ടായിരുന്നു. ആ അന്വേഷണമാണ് ഇപ്പോൾ കങ്കണയിൽ എത്തിച്ചേർന്നിരിക്കുന്നത്.

Read more: ജയലളിതയായി നിത്യ മേനോന്റെ പരകായപ്രവേശം; രൂപസാദൃശ്യം കണ്ട് വാ പൊളിച്ച് ആരാധകര്‍

അതേസമയം, ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി നിരവധിയേറെ ചിത്രങ്ങളാണ് അനൗൺസ് ചെയ്യപ്പെട്ടിരിക്കുന്നത്. അതിൽ പ്രധാനപ്പെട്ടൊരു ചിത്രം, സംവിധായകൻ മിഷ്കിന്റെ അസിസ്റ്റന്റായിരുന്ന പ്രിയദർശിനി സംവിധാനം ചെയ്യുന്ന ‘ദി അയേൺ ലേഡി’യാണ്. ചിത്രത്തിൽ നിത്യമേനോനാണ് ജയലളിതയെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നിത്യമേനോന്റെ ഫസ്റ്റ് ലുക്കും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ജയലളിതയുടെ രണ്ടാം ചരമ വാര്‍ഷികമായ 2018 ഡിസംബര്‍ 5നായിരുന്നു പോസ്റ്റര്‍ റിലീസ് ചെയ്തത്. ലേഡി സൂപ്പർസ്റ്റാർ നയൻതാരയടക്കം ഏറെ പേർ മോഹിച്ച വേഷമാണ് നിത്യാമേനോന് ലഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook