സിനിമയിലായാലും ജീവിതത്തിലായാലും കങ്കണ റണാവത്ത് ഒരു പോരാളി തന്നെയാണ്. വീഴ്ചകളില്‍ തളര്‍ന്നു പോകാതെ തിരിച്ചെത്തുന്ന പോരാളി. മണികര്‍ണിക എന്ന ചിത്രത്തില്‍ റാണി ലക്ഷ്മി ഭായിയായിയുടെ വേഷത്തിലെത്തുന്ന കങ്കണയ്ക്ക് അടുത്തിടെ ഷൂട്ടിങിനിടെ വാളുകൊണ്ട് നെറ്റിക്ക് പരിക്കേറ്റിരുന്നു. ഇപ്പോളിതാ സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കുന്നതിനിടെ വീണ് കാലൊടിഞ്ഞിരിക്കുകയാണ്.

ഇന്നലെ പുലര്‍ച്ചെ ജോധ്പുരിലെ മരണ്‍ഗഡ് കോട്ടയില്‍ ചിത്രീകരണത്തിനിടെയാണ് കങ്കണയ്ക്ക് പരിക്കേറ്റത്. ദാമോദര്‍ എന്ന ദത്തുപുത്രനെ പുറത്തു വച്ചുകെട്ടി ഝാന്‍സി റാണി കുതിരപ്പുറത്ത് നാല്‍പത് അടി ഉയരമുള്ള മതിലിന് മുകളിലൂടെ ചാടുന്ന രംഗം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം. ചാട്ടം പിഴച്ച കങ്കണ കുഞ്ഞുമായി ഉയരത്തില്‍ നിന്ന് താഴെ വീണു. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കങ്കണയുടെ കാലിന് പരിക്കേറ്റത്.

Kangana Ranaut

ഉടന്‍ തന്നെ കങ്കണയെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് എക്സ്റേയില്‍ കണങ്കാലിന് പരിക്കുള്ളതായി കണ്ടെത്തി. പിന്നീട് കാലിന് ബാന്‍ഡേജ് ഇട്ടശേഷമാണ് ആശുപത്രിവിട്ടത്. ഡോക്ടര്‍മാര്‍ ഒരാഴ്ചത്തെ വിശ്രമം വിധിച്ചു. രണ്ടാഴ്ചയ്ക്കുശേഷം മാത്രമേ ഇനി ചിത്രീകരണം പുനരാരംഭിക്കുകയുള്ളൂ. സിനിമയിലെ പ്രധാന ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം ഒരുവിധം കങ്കണ പൂര്‍ത്തിയാക്കിക്കഴിഞ്ഞതാണ്. അതില്‍ ഏറ്റവും കടുപ്പമുള്ള സീനായിരുന്നു കുതിരപ്പുറത്തെ ചാട്ടം.

സഹനടന്‍ നിഹാര്‍ പാണ്ഡ്യയുടെ വാളുകൊണ്ടാണ് കങ്കണയ്ക്ക് ഇതിന് മുന്‍പ് ചിത്രീകരണത്തിനിടെ പരിക്കേറ്റത്. കണ്‍പുരികങ്ങളുടെ ഇടയില്‍ പതിനഞ്ച് തുന്നിക്കെട്ടിട്ടശേഷമാണ് കങ്കണ ഷൂട്ടിങ്ങിന് തിരിച്ചെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ