ബോളിവുഡിനെ ഒന്നടക്കം ഞെട്ടിച്ച ഒന്നായിരുന്നു ബോളിവുഡ് താരങ്ങളായ ഋത്വിക് റോഷനും കങ്കണ റണാവത്തും തമ്മിലുള്ള അസ്വാരസ്യങ്ങളും നിയമപോരാട്ടവും. ഋത്വികിനെ കുറിച്ച് വീണ്ടും പ്രസ്താവനകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് കങ്കണ ഇപ്പോൾ. വർഷങ്ങൾക്കു ശേഷം ഇരുവരും തമ്മിലുള്ള വഴക്ക് വീണ്ടും വാർത്താ പ്രാധാന്യം നേടുകയാണ്.
സഹപ്രവർത്തകയായ കങ്കണ റണാവത്തുമായുള്ള ദിവസങ്ങൾ നീണ്ട ചൂടേറിയ വാഗ്വാദത്തിനു ശേഷമാണ് 2016 ൽ ഹൃത്വിക് റോഷൻ ആൾമാറാട്ട പരാതി നൽകിയത്. ക്രിഷ് 3 (2013) ൽ ഒരുമിച്ച് പ്രവർത്തിച്ച ഈ അഭിനേതാക്കൾ തമ്മിലുള്ള വഴക്കുകൾക്ക് തുടക്കം കുറിച്ചത്, ഒരു അഭിമുഖത്തിനിടെ കങ്കണ ഋത്വികിനെ തന്റെ ‘സില്ലി എക്സ് ബോയ്ഫ്രണ്ട്’ എന്ന വിശേഷിപ്പിച്ചതോടെയാണ്.
കങ്കണയുമായുള്ള പ്രണയം നിഷേധിച്ചുകൊണ്ട്, ‘അതിലും സാധ്യത പോപ്പുമായി ഒരു ബന്ധം പുലർത്തുന്നതിൽ ഉണ്ടാവുമെന്ന്’ ഋത്വിക് ട്വീറ്റ് ചെയ്തു. ഒപ്പം കങ്കണ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഋത്വിക് കങ്കണയ്ക്ക് വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തു. എന്നാൽ മാപ്പ് പറയാൻ വിസമ്മതിച്ച കങ്കണ 2014ൽ തങ്ങൾ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് വ്യക്തമാക്കികൊണ്ട് രംഗത്തെത്തി. വക്കീൽ നോട്ടീസ് തിരിച്ചെടുക്കുകയോ അല്ലെങ്കിൽ ക്രിമിനൽ കേസ് നേരിടാൻ തയ്യാറാവുകയോ ചെയ്യൂ എന്ന് ആവശ്യപ്പെട്ട് കങ്കണ ഋത്വികിന് കൗണ്ടർ നോട്ടീസ് അയച്ചു.
കങ്കണ തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്നായിരുന്നു ഋത്വികിന്റെ നോട്ടിസിന്റെ ഉള്ളടക്കം. കങ്കണ തനിക്ക് 1439 മെയിലുകൾ അയച്ചെന്നും താൻ അതിനോട് പ്രതികരിക്കാതെ ഇരുന്നപ്പോൾ സിനിമാമേഖലയിലെ ആളുകളോട് തങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന് പറഞ്ഞു നടക്കുന്നുവെന്നുമായിരുന്നു ഋത്വികിന്റെ ആരോപണം.
എന്നാൽ ഋത്വികിന്റെ ആരോപണങ്ങൾ നിരസിച്ച കങ്കണ, തങ്ങൾ തമ്മിലുള്ള കത്തിടപാടുകൾക്കായി ഉപയോഗിച്ച ആ പ്രത്യേക മെയിൽ ഐഡി ഋത്വിക് റോഷൻ തന്നെയാണ് തനിക്ക് നൽകിയതെന്ന് വ്യക്തമാക്കി വീണ്ടും രംഗത്തെത്തി. ഋത്വിക് റോഷനും ഭാര്യ സുസ്സാൻ ഖാനും തമ്മിലുള്ള വിവാഹമോചന നടപടികളെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ ഇമെയിൽ സ്വകാര്യമായി സൂക്ഷിക്കുകയായിരുന്നെന്നും കങ്കണ പറഞ്ഞു.
ട്വിറ്ററിൽ ഇരുവരും തമ്മിലുള്ള വാഗ്വാദം തുടരുകയും ഒരു ഘട്ടത്തിൽ ഋത്വിക് കങ്കണ ആസ്പർജർ സിൻഡ്രോം ഉള്ള ആളാണെന്നും കാര്യങ്ങൾ ഭാവനയിൽ കാണുകയാണെന്നും ആരോപിച്ചു. ഋത്വികിന്റെ ഈ പ്രസ്താവനയും ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രത്യേകിച്ചും ഓട്ടിസം രോഗാവസ്ഥയിലുള്ള കുട്ടികളുടെ മാതാപിതാക്കൾ ഋത്വിക്കിനെതിരെ രംഗത്തെത്തി.
ഏറ്റവും ഒടുവിൽ ഋത്വിക് റോഷൻ മുംബൈ പോലീസിന്റെ സൈബർ സെല്ലിൽ ഇ-മെയിൽ ഐഡി ആരുടേതെന്ന് കണ്ടെത്താനായി കേസ് ഫയൽ ചെയ്തു. അമേരിക്കയിൽ നിന്നാണ് മെയിൽ വന്നത് എന്ന് കണ്ടെത്തിയെങ്കിലും ഇമെയിൽ ഐഡിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ പൊലീസ് ഫോറൻസിക് വിദഗ്ധർക്ക് കഴിഞ്ഞിരുന്നില്ല.
അടുത്തിടെ, കേസിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് ചൂണ്ടി കാണിച്ച് ഋത്വിക് റോഷന്റെ അഭിഭാഷകൻ മഹേഷ് ജെത്മലാനി മുംബൈ പോലീസ് കമ്മീഷണർ പരം ബിർ സിങ്ങിന് കത്ത് എഴുതി. അതിനെ തുടർന്ന് കേസ് സൈബർ സെല്ലിൽ നിന്നും ക്രൈം ഇന്റലിജൻസ് യൂണിറ്റിലേക്ക് തിങ്കളാഴ്ച മാറ്റിയിരുന്നു. ഈ സംഭവവികാസമാണ് ഋത്വിക്- കങ്കണ വഴക്ക് വീണ്ടും വാർത്തകളിൽ നിറയാൻ കാരണം.
ഒരു ചെറിയ ബന്ധത്തെ കുറിച്ച് പറഞ്ഞ് കരയുന്നത് നിങ്ങളെപ്പോഴാണ് നിർത്തുക ഋത്വിക്? എന്ന പ്രതികരണവുമായി കങ്കണയും രംഗത്തു വന്നിട്ടുണ്ട്.
His sob story starts again, so many years since our break up and his divorce but he refuses to move on, refuses to date any woman, just when I gather courage to find some hope in my personal life he starts the same drama again, @iHrithik kab tak royega ek chote se affair keliye? https://t.co/qh6pYkpsIP
— Kangana Ranaut (@KanganaTeam) December 14, 2020
തങ്ങളുടെ വേർപിരിയൽ കഴിഞ്ഞ് ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും ഋത്വിക് മറ്റൊരു ബന്ധത്തിലേക്ക് പോവാനും മുന്നോട്ട് പോകാനും വിസമ്മതിക്കുന്നുവെന്ന് കങ്കണ പറയുന്നു. എന്നാൽ താൻ വ്യക്തിജീവിതത്തിൽ പ്രതീക്ഷ കണ്ടെത്താനും ധൈര്യം ശേഖരിക്കാനും തുടങ്ങിയതോടെ ഋത്വിക് ‘അതേ നാടകം വീണ്ടും ആരംഭിക്കുന്നു’ എന്നും കങ്കണ പറഞ്ഞു.
Read more: ആ ബന്ധത്തെ കുറിച്ച് പറഞ്ഞ് കരയുന്നത് നിങ്ങളെപ്പോഴാണ് നിർത്തുക? ഋത്വിക്കിനെതിരെ കങ്കണ വീണ്ടും