പല സിനിമകളുടേയും ലൊക്കേഷനില്‍ വച്ച് നടന്മാന്‍ ഉപദ്രവിച്ചിട്ടുള്ളതായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ലൈംഗികാക്രമണങ്ങളല്ലാത്തു കൊണ്ട് അതിനെ മീടു ആയി പരിഗണിക്കാനാകില്ലെങ്കിലും ആ അനുഭവങ്ങള്‍ അപമാനിക്കുന്നതും അധൈര്യപ്പെടുത്തുന്നതുമായിരുന്നു എന്ന് കങ്കണ പിടിഐയോടു പറഞ്ഞു.

ഉപദ്രവങ്ങള്‍ പല തരത്തിലുള്ളതാണെന്നും പല നടന്മാരുടെ ഭാഗത്തു നിന്നും വളരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കങ്കണ പറയുന്നു.

‘ഉപദ്രവങ്ങള്‍ പല തരത്തിലും പല തലത്തിലും ഉണ്ടാകാറുണ്ട്. സെറ്റുകളില്‍ വച്ച് എത്രയോ തവണ അത് സംഭവിച്ചിട്ടുണ്ട്. ലൈംഗികമായി ഉപദ്രവിക്കുയായിരുന്നില്ല. പക്ഷെ ചിലര്‍ക്ക് ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പലരുടേയും മുമ്പില്‍ വച്ച് ഞാന്‍ അപമാനിക്കപ്പെട്ടിട്ടുണ്ട്. അത് മീടുവിന്റെ കീഴില്‍ വരുന്നതല്ലെങ്കിലും, ഉപദ്രവം തന്നെയായിരുന്നു,’ കങ്കണ വ്യക്തമാക്കി.

 

മണിക്കൂറുകളോളം തന്നെ കാത്തു നില്‍പ്പിച്ചിട്ടുണ്ടെന്നും, അനുവാദമില്ലാതെ തന്റെ ശബ്ദം ഡബ്ബ് ചെയ്തിട്ടുണ്ടെന്നും കങ്കണ പറയുന്നു.

‘ആറു മണിക്കൂര്‍ വരെയൊക്കെ എന്നെ കാത്തുനിര്‍ത്തിച്ചിട്ടുണ്ട്. ഇതിനായി മനഃപൂര്‍വ്വം എന്നോട് തെറ്റായ സമയം പറയും, തെറ്റായ ഡേറ്റുകള്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് എനിക്ക് അവസരങ്ങള്‍ നഷ്ടമാകുകയും അവസാന നിമിഷം ഷെഡ്യൂള്‍ ക്യാന്‍സല്‍ ചെയ്യുകയുമുണ്ടായിട്ടുണ്ട്.’

‘എനിക്കെതിരെ സംഘമാകുക. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലേക്ക് എന്നെ ക്ഷണിക്കാതിരിക്കുക, ഞാന്‍ ഇല്ലാതെ ട്രെയിലര്‍ ലോഞ്ച് ചെയ്യുക, എന്നോട് ചോദിക്കുക പോലും ചെയ്യാതെ എനിക്ക് വേണ്ടി മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിക്കുക തുടങ്ങി ഒരു നടി എന്ന നിലയില്‍ എന്റെ അടിസ്ഥാനപരമായ അവകാശങ്ങള്‍ പോലും ലംഘിക്കപ്പെട്ടിട്ടുണ്ട്,’ കങ്കണ തുറന്നു പറഞ്ഞു.

മീടൂ മൂവ്‌മെന്റ് സിനിമാ മേഖലയിലെ നടന്‍മാരെ ശരിക്കും ഭയപ്പെടുത്തിയിട്ടുണ്ടെന്നും കങ്കണ പറയുന്നു.

‘ആളുകള്‍ പേടിച്ചിട്ടുണ്ട്, തീര്‍ച്ചയായും അവര്‍ പേടിക്കണം. സിനിമയിലെ പുരുഷന്മാര്‍ക്കാണ് പേടി. ഇത് അവസാനിക്കാന്‍ പോകുന്നില്ല. നമ്മള്‍ ഇതിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ എത്തും വരെ ഈ തുറന്നു പറച്ചിലുകള്‍ തുടരണം. കാരണം ഇതൊരു പുരുഷാധിപത്യ സമൂഹമാണ്,’ കങ്കണ പറഞ്ഞു.

‘അവരെ ഭയപ്പെടുത്തുന്ന ഒരിടത്തേക്ക് നാം എത്തണം. ‘സ്ത്രീകള്‍ക്ക് അവസരം നഷ്ടപ്പെട്ടാലോ’ എന്ന സംസാരങ്ങള്‍ അവസാനിക്കണം. അന്തസ്സ് എന്നൊന്നില്ലാതെ ജീവിതമില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ശബ്ദം ഉയര്‍ത്താന്‍ നിങ്ങള്‍ ആരെയും ഭയപ്പെടേണ്ടതില്ല,’ കങ്കണ വ്യക്തമാക്കി.

വ്യക്തികള്‍ക്കിടയിലോ അടഞ്ഞ വാതിലുകള്‍ക്കു പുറകിലോ തീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ അല്ല ഇതൊന്നും, സിനിമകളുടെ സെറ്റുകളില്‍ കൃത്യമായ നിയമങ്ങള്‍ വേണമെന്നും തെറ്റു ചെയ്യുന്നവര്‍ക്കെതിരെ ഉടനടി നടപടികള്‍ സ്വീകരിക്കണമെന്നും കങ്കണ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ