ഋത്വിക് റോഷൻ തന്റെ മുൻ കാമുകനാണെന്നുളള കങ്കണയുടെ വെളിപ്പെടുത്തൽ കേട്ട് ബോളിവുഡ് ഒന്നടങ്കമാണ് ഞെട്ടിയത്. ഏറെ വിവാദങ്ങൾക്ക് കൂടി ഈ വെളിപ്പെടുത്തൽ ഇടയാക്കി. കങ്കണയുടെ വെളിപ്പെടുത്തലിനു പിന്നാലെ ഋത്വിക് മാനനഷ്ടത്തിന് കേസ് കൊടുത്തു. ഇതിനു പിന്നാലെ ഋത്വികിന് കങ്കണ അയച്ച സ്വകാര്യ ഇ-മെയിലുകൾ ചോർന്നു. ഋത്വിക്കിന്റെ പേരിലുളള ഇ-മെയിലിൽ നിന്നായിരുന്നു സന്ദേശങ്ങൾ ചോർന്നത്. എന്നാൽ ഇത് തന്റേതല്ലെന്നും താൻ അല്ല മെയിലുകൾ ചോർത്തിയതെന്നുമായിരുന്നു ഋത്വിക്കിന്റെ വാദം.

‘ജീവനുതുല്യം സ്നേഹിക്കുന്ന ഒരാൾക്ക് എഴുതുന്ന കത്തുകളിൽ സ്വകാര്യമായ പല കാര്യങ്ങളുമുണ്ടാകും. ഞാൻ അങ്ങനെയെഴുതിയ കാര്യങ്ങളാണ് അയാൾ ലോകത്തോട് മുഴുവൻ വെളിപ്പെടുത്തിയത്. ഒരു മനുഷ്യ ജീവി എന്ന നിലയിൽ എനിക്കെന്താകും അനുഭവപ്പെടുക. ലോകത്തിനു മുൻപിൽ ഞാൻ നഗ്നയാക്കപ്പെട്ടതു പോലെയാണ് എനിക്കു തോന്നിയത്.’ ഇതായിരുന്നു ഇ-മെയിലുകൾ പുറത്തായപ്പോൾ കങ്കണ പറഞ്ഞത്. ഇപ്പോഴിതാ വീണ്ടും ഈ വിഷയത്തിൽ കങ്കണ ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ്.

ഋത്വിക് തന്റെ മാനസിക രോഗിയാക്കിയെന്നാണ് ‘ആപ്കി അദാലത്ത്’ എന്ന രജത് ശർമയുടെ ഷോയിൽ കങ്കണ തുറന്നടിച്ചിരിക്കുന്നത്. ‘മാനസികമായും വൈകാരികമായും ഞാൻ രോഗിയായി. രാത്രികളിൽ എനിക്ക് ഉറക്കമില്ലാതായി. അർധരാത്രിയിൽ ഉണർന്നിരുന്ന് കരയുമായിരുന്നു. ഞാൻ അയച്ച ഇ-മെയിലുകൾ ചോർന്നു. ഇപ്പോഴും ഗൂഗിളിൽ സെർച്ച് ചെയ്ത് ഗോസിപ്പ് മാഗസിനിൽ വായിക്കുന്ന ലേഖനം പോലെ ജനങ്ങൾ അത് വായിക്കുന്നുണ്ട്. ഇതിന് ഋത്വിക് എന്നോട് മാപ്പു പറയണം’. ഇതു പറയുമ്പോൾ കങ്കണ വികാരാധീനയാവുകയും കണ്ണുകളിൽ ഈറനണിയുകയും ചെയ്തു. ഷോയുടെ പ്രൊമോ വിഡിയോ പുറത്തുവന്നിട്ടുണ്ട്.

ബോളിവുഡിൽ തന്റേതായ നിലപാടുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് കങ്കണ. സിമ്രാൻ ആണ് കങ്കണയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ