കഴിഞ്ഞ 10 വർഷത്തിനിടയിലെ ഷാരൂഖ് ഖാന്റെ ആദ്യ വിജയമാണ് ‘പഠാൻ’ എന്ന് നടി കങ്കണ റണാവത്ത്. തന്നെ പരിഹസിച്ച ഒരു സോഷ്യൽ മീഡിയ ഉപയോക്താവിന് മറുപടി നൽകുന്നതിനിടയിലായിരുന്നു കങ്കണയുടെ ഈ അഭിപ്രായ പ്രകടനം.
സസ്പെൻഡ് ചെയ്യപ്പെട്ട തന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിക്കപ്പെട്ടതു മുതൽ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് കങ്കണ. കഴിഞ്ഞ ദിവസം ‘പഠാനെ’ പ്രശംസിച്ചുകൊണ്ടുള്ള കങ്കണയുടെ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ‘പഠാൻ’ പോലുള്ള സിനിമകൾ വിജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് കങ്കണ കുറിച്ചത്. ഇതിനു താഴെ കങ്കണയുടെ അവസാന ചിത്രമായ ധക്കാഡിന്റെ പരാജയത്തെ പരാമർശിച്ചുകൊണ്ട് കമന്റ് ചെയ്തയാൾക്ക് മറുപടി നൽകുന്നതിനിടെയാണ് ഷാരൂഖ് ഖാന് ഇന്ത്യ നൽകിയതുപോലെ മറ്റൊരു അവസരം തനിക്കും നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കഴിഞ്ഞ 10 വർഷത്തിനിടെ ഷാരൂഖിന്റെ കരിയറിലെ ഒരേയൊരു വിജയചിത്രം ‘പഠാൻ’ മാത്രമാണെന്നും കങ്കണ പറഞ്ഞത്.
പഠാന്റെ വിജയത്തെ പ്രകീർത്തിച്ചുകൊണ്ട് കങ്കണ കുറിച്ച പോസ്റ്റിൽ മതപരമായ കാര്യങ്ങൾ കൂട്ടികലർത്തിയത് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളെ പ്രകോപിപ്പിച്ചിരുന്നു. ഇന്ത്യയുടെ സ്നേഹവും ഉൾക്കൊള്ളലുമാണ് പഠാനെ ഗംഭീര വിജയമാക്കുന്നതെന്ന അവകാശപ്പെട്ട കങ്കണ ശത്രുരാജ്യമായ പാകിസ്ഥാനെയും ഐഎസിനെയും നല്ല വെളിച്ചത്തിൽ കാണിക്കുകയാണ് പഠാൻ എന്നും അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം ബോളിവുഡിലെ നിലവിലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ എല്ലാം തകർത്ത് മുന്നേറുകയാണ് ‘പഠാൻ’. അഞ്ചാം നാൾ പിന്നിടുമ്പോൾ 550 കോടിയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തിരിക്കുന്നത്.