നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയായ കങ്കണ ഒടുവിൽ അദ്ദേഹത്തെ നേരിൽ കണ്ടു. ന്യൂഡൽഹിയിൽ നടന്ന ന്യൂസ് 18 റൈസിങ് ഇന്ത്യ സമ്മിറ്റിൽ വച്ചാണ് കങ്കണ ഇന്ത്യയുടെ പ്രധാനമന്ത്രിയെ കണ്ടത്. തന്റെ ഇഷ്ട താരത്തെ നേരിൽ കണ്ടതിന്റെ സന്തോഷം കങ്കണയുടെ മുഖത്ത് പ്രകടമായിരുന്നു. കങ്കണയ്ക്ക് ഒപ്പം സെൻസർ ബോർഡ് ചെയർമാൻ പ്രസൂൺ ജോഷിയും ഉണ്ടായിരുന്നു.

ന്യൂസ് 18 സംഘടിപ്പിച്ച ചർച്ചയിൽ കങ്കണയും പങ്കെടുത്തിരുന്നു. ചർച്ചയിൽ താൻ നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയാണെന്ന് കങ്കണ വെളിപ്പെടുത്തിയിരുന്നു.

‘മോദിയുടെ വിജയം ഇന്ത്യയിലെ ജനാധിപത്യത്തിന്റെ വിജയമാണ്. ഒരു ചെറുപ്പക്കാരി എന്ന നിലയില്‍ ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ നമുക്ക് ശരിയായ മാതൃകാവ്യക്തിത്വങ്ങള്‍ വേണം. ചായക്കടക്കാരനായിരുന്ന ഒരു പ്രധാനമന്ത്രിയാണ് നമുക്ക് മുന്നിലുള്ളത്. ഇത് മോദിയുടെ വിജയമല്ല ജനാധിപത്യത്തിന്റെ വിജയമാണ് എന്ന് പറയാനാണ് കൂടുതല്‍ ഇഷ്ടം. മോദിയുടെ കടുത്ത ആരാധികയാണ് ഞാൻ. അദ്ദേഹം നല്ലൊരു റോൾ മോഡലാണെന്നാണ് എനിക്ക് തോന്നിയിട്ടുളളത്’, കങ്കണ പറഞ്ഞു.

താന്‍ മതത്തില്‍ വിശ്വസിക്കുന്നില്ലെന്നും ഇന്ത്യക്കാരിയാണ് എന്ന് പറയാനാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും കങ്കണ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ