ഫാന്റം ഫിലിംസ് പ്രൊഡക്ഷന്‍ പിരിച്ചുവിട്ടതിന് പിന്നാലെ സംവിധായകനായ വികാസ് ബഹലിനെതിരെ ലൈംഗികാരോപണവുമായി നടി കങ്കണ റണാവത്തും രംഗത്ത്. 2015ല്‍ ബോംബെ വെല്‍വെറ്റിന്റെ ചിത്രീകരണ സമയത്ത് ഗോവയില്‍ വച്ച് ബഹല്‍ പീഡിപ്പിച്ചതായി യുവതി വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് അനുരാഗ് കശ്യപ് കൂടി സ്ഥാപിച്ച ഫാന്റം ഫിലിംസ് പിരിച്ചുവിട്ടത്. കശ്യപിനോട് നേരത്തെ യുവതി പരാതി പറഞ്ഞിരുന്നെങ്കിലും നടപടി എടുത്തിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു കശ്യപ് ക്ഷമാപണം നടത്തി ഫാന്റം ഫിലിംസ് പിരിച്ചുവിട്ടത്.

ക്വീന്‍ എന്ന ചിത്രത്തില്‍ ബഹലിനൊപ്പം പ്രവര്‍ത്തിച്ച കങ്കണയാണ് ഇപ്പോള്‍ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പരാതി ഉന്നയിച്ച സ്ത്രീയെ പിന്തുണയ്ക്കുന്നതായും ബഹലിന് എതിരാണ് ആരോപണം എന്നത് കൊണ്ട് തന്നെ താനിത് വിശ്വസിക്കുന്നതായും കങ്കണ പറഞ്ഞു. ഇന്ത്യ ടുഡേയുമായുളള അഭിമുഖത്തിലായിരുന്നു കങ്കണയുടെ തുറന്നുപറച്ചില്‍.

വിവാഹിതനായിരുന്നിട്ടും മറ്റുളളവരോടൊത്തുളള ലൈംഗികബന്ധം സാധാരണമാണെന്ന് ബഹല്‍ എപ്പോഴും പറയുമെന്ന് കങ്കണ വ്യക്തമാക്കി. ‘ഞാന്‍ അവളെ പൂര്‍ണമായും വിശ്വസിക്കുന്നു. 2014ല്‍ വിവാഹം കഴിഞ്ഞിട്ടും ക്വീനിന്റെ ചിത്രീകരണ വേളയില്‍ അദ്ദേഹം എന്നോട് അത്തരത്തില്‍ സംസാരിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞാലും മറ്റുളളവരോടൊത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് സാധാരണമാണെന്നാണ് അദ്ദേഹം പറയാറുളളത്. നേരത്തെ ഉറങ്ങുന്നതിനും കൂടുതല്‍ അടുപ്പം കാണിക്കാത്തതിനും അദ്ദേഹം എന്നെ കളിയാക്കിയിട്ടുണ്ട്,’ കങ്കണ വെളിപ്പെടുത്തി.

Read More: #മീടു വെളിപ്പെടുത്തല്‍: ചേതന്‍ ഭഗതിനും ക്വീന്‍ സംവിധായകനും എതിരെ യുവതികള്‍ രംഗത്ത്

‘ഞാന്‍ അദ്ദേഹത്തെ അകറ്റി നിര്‍ത്തിയിട്ടുണ്ട്. പക്ഷെ എപ്പോള്‍ കണ്ടാലും അദ്ദേഹം കെട്ടിപ്പിടിച്ചാണ് അഭിവാദ്യം ചെയ്യുക. എന്നെ ബലമായി കെട്ടിപ്പിടിച്ച് എന്റെ കഴുത്തിലേക്ക് മുഖം പൂഴ്‍ത്തും. എന്റെ മുടിയില്‍ അദ്ദേഹം മൂക്ക് ചേര്‍ത്ത് മണപ്പിക്കും. നിന്റെ മണം എനിക്ക് ഇഷ്ടമാണെന്ന് പറയും,’ കങ്കണ തുറന്നടിച്ചു.

‘അയാള്‍ക്ക് എന്തോ പ്രശ്നമുണ്ട്. ഈ പെണ്‍കുട്ടിയെ ഞാന്‍ വിശ്വസിക്കുന്നു. ഫാന്റം പിരിച്ചുവിട്ടതാണ് സങ്കടകരമായ കാര്യം. അന്ന് പരാതി ഉയര്‍ന്നപ്പോഴും പെണ്‍കുട്ടിയെ ഞാന്‍ പിന്തുണച്ചിരുന്നു. ഹരിയാനയില്‍ നിന്നുളള ഒരു സ്വര്‍ണ മെഡല്‍ ജേതാവിന്റെ കഥ പറഞ്ഞ് ബഹല്‍ എന്റെ അടുത്ത് വന്നിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ ഞാന്‍ പിന്തുണച്ചത് കൊണ്ട് ആ സിനിമ എനിക്ക് നഷ്ടമായി. അവസരം നഷ്ടപ്പെടുന്നത് ഞാന്‍ കാര്യമാക്കിയിട്ടില്ല. എനിക്ക് ശരിയെന്ന് തോന്നിയതിന് ഒപ്പമാണ് ഞാന്‍ നിന്നത്. എന്നാല്‍ ബഹലിനെതിരെ കൂട്ടം ചേര്‍ന്നുളള ആക്രമണം ഭീരുത്വമാണ്’, കങ്കണ പറഞ്ഞു.

അനുരാഗ് കശ്യപ്, വിക്രമാധിത്യ മോട്ട്വാണി, മധു മന്റേന, വികാസ് ബഹല്‍ എന്നിവര്‍ സ്ഥാപിച്ച ഫാന്റം ഫിലിംസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയിലെ മുന്‍ ജീവനക്കാരിയാണ് ബഹലിനെതിരെ രംഗത്തെത്തിയത്. 2015 മെയില്‍ ഗോവയിലെ ഒരു ഹോട്ടലില്‍ വച്ച് ക്വീന്‍ സംവിധായകനായ ബഹല്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. കശ്യപിനോട് ഈ വിവരം പറഞ്ഞെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് യുവതി വ്യക്തമാക്കി. 2017ലാണ് യുവതി കമ്പനി വിട്ടത്. സംഭവം നടന്നതാണെന്ന് കശ്യപ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണം പ്രമേയമാക്കിയ ചിത്രമായ ക്വീനിന്റെ സംവിധായകനാണ് ബഹല്‍. ബോളിവുഡില്‍ നിന്ന് അടക്കമുളള നിരവധി പേര്‍ യുവതിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം ചേതന്‍ ഭഗതിനെതിരെ ഒരു യുവതി ചാറ്റ് സ്ക്രീന്‍ഷോട്ടുകളാണ് പുറത്തുവിട്ടത്. വിവാഹിതനായിരുന്നിട്ടും യുവതിയോട് പ്രേമാഭ്യര്‍ത്ഥന നടത്തുകയാണ് ചേതന്‍ ഭഗത്. സ്ക്രീന്‍ഷോട്ട് പുറത്തുവന്നതോടെ ഭഗത് ക്ഷമാപണവുമായി രംഗത്തെത്തി. ക്ഷമാപണം നടത്തുന്നതായും പെണ്‍കുട്ടിയോട് എന്തെന്നില്ലാത്ത അടുപ്പം തോന്നിയെന്നും ചേതന്‍ പറഞ്ഞു. ശാരീരികമായ യാതൊരും ബന്ധവും താന്‍ ഉദ്ദേശിച്ചില്ലെന്നും അശ്ലീലമായ സന്ദേശങ്ങള്‍ അയച്ചില്ലെന്നും ചേതന്‍ പറഞ്ഞു. യുവതിയോടും തന്റെ ഭാര്യയോടും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ക്ഷമാപണം നടത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook