‘തനു വെഡ്സ് മനു’ എന്ന ചിത്രത്തിന്റെ പത്താം വാർഷികമാണ്​ ഇത്. ചിത്രം തന്റെ കരിയറിൽ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് സംസാരിക്കുന്ന കങ്കണയുടെ ട്വീറ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആനന്ദ് എൽ രാജ് സംവിധാനം ചെയ്ത ചിത്രത്തിൽ കങ്കണ, മാധവൻ, സ്വര ഭാസ്കർ, ജിമ്മി ഷീർഗിൽ എന്നു തുടങ്ങി വൻതാരനിര തന്നെ അഭിനയിച്ചിരുന്നു.

“ഞാൻ പരുക്കൻ കഥാപാത്രങ്ങളിൽ കുടുങ്ങികിടക്കുകയായിരുന്നു, ഈ ചിത്രം കരിയർ തന്നെ മാറ്റിമറിച്ചു. കോമഡിയുമായി മുഖ്യധാരാസിനിമയിലേക്കുള്ള​ എന്റെ കടന്നുവരവ് അതായിരുന്നു. ക്വീറൻ, ഡാറ്റോ എന്നിവരോടൊപ്പം ഞാൻ എന്റെ കോമിക് ടൈമിക് ശക്തിപ്പെടുത്തി. ഇതിഹാസതാരം ശ്രീദേവിയ്ക്ക് ശേഷം കോമഡി ചെയ്യുന്ന ഒരേ ഒരു നായികയായി ഞാൻ മാറി,” എന്നാണ് കങ്കണ കുറിക്കുന്നത്.

‘തനു വെഡ്സ് മനു’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനു മുൻപ് മധുർ ഭണ്ഡാർക്കറുടെ ‘ഫാഷൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്കാരം കങ്കണ നേടിയിരുന്നു.

മറ്റൊരു ട്വീറ്റിൽ സംവിധായകൻ ആനന്ദിനും തിരക്കഥാകൃത്ത് ഹിമാൻഷു ശർമ്മയ്ക്കും കങ്കണ നന്ദി പറയുന്നുണ്ട്.

“ഹിറ്റുകൾ സൃഷ്ടിച്ചെടുക്കാൻ കഷ്ടപ്പെടുന്ന നിർമ്മാതാക്കളായി അവരെന്നെ സമീപിച്ചപ്പോൾ അവർക്കൊരു കരിയർ ഉണ്ടാക്കി കൊടുക്കാമെന്ന് ഞാനോർത്തു, എന്നാൽ അവർ എന്റെ കരിയർ മികച്ചതാക്കുകയാണ് ചെയ്തത്. ഏത് സിനിമ ഹിറ്റാവും, ഏത് ആവില്ല എന്നൊന്നും ആർക്കും പ്രവചിക്കാനാവില്ല. എല്ലാം വിധിയാണ്, എന്റെ വിധി നിങ്ങളിൽ ആയത് സന്തോഷമുള്ള കാര്യമാണ്,” കങ്കണ കുറിക്കുന്നു.

സൂപ്പർ ഹിറ്റായ ചിത്രത്തിന് 2015ൽ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു. ഇതിലെ അഭിനയത്തിന് കങ്കണയ്ക്ക് ദേശീയ പുരസ്കാരവും ലഭിച്ചു.

Read more: മെറിൽ സ്റ്റീപ്പുമായി സ്വയം താരതമ്യം ചെയ്ത് കങ്കണ; ട്രോളുകളുമായി മലയാളികൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook