ഈ വർഷം തമിഴിൽ ഇറങ്ങിയ ഏറ്റവും മികച്ച സിനിമകളുടെ കൂട്ടത്തിലേക്ക് ഒരു ചിത്രം കൂടി ഇടം പിടിക്കുകയാണ്. അരുൺരാജ കാമരാജ് സംവിധാനം ചെയ്ത ‘കനാ’ ആണ് പ്രമേയം കൊണ്ട് ഏറെ ശ്രദ്ധേയമാവുന്ന ആ ചിത്രം. ‘കനാ’ എന്നാൽ കനവ് എന്നാണ് അർത്ഥം. ഒരു പെൺകുട്ടിയുടെ കനവിന്റെ കഥ പറയുന്ന ചിത്രത്തിൽ ഐശ്വര്യാ രാജേഷ്​ ആണ് പ്രധാന വേഷത്തിലെത്തുന്നത്. ഒരു വനിതാ ക്രിക്കറ്ററുടെ കഥയാണ് ‘കനാ’. സ്പോർട്സിന്റെ പശ്ചാത്തലത്തിൽ നിരവധിയേറെ ചിത്രങ്ങൾ മുൻപും വന്നിട്ടുണ്ടെങ്കിലും അതിൽ നിന്നും വ്യത്യസ്തമാവുകയാണ് ‘കനാ’. വിജയ് സേതുപതി ചിത്രം ‘സീതാക്കാതി’, ധനുഷ് നായകനാവുന്ന ‘മാരി2’, ജയം രവി ചിത്രം ‘അടങ്ക മറു’, വിഷ്ണുവിശാൽ ചിത്രം ‘സിലുക്കുവാരുപെട്ടി സിങ്കം’ എന്നിവയ്ക്ക് ഒപ്പമാണ് റിലീസിനെത്തിയതെങ്കിലും ‘കനാ’ അതിന്റേതായൊരു പ്രാധാന്യം നേടിയെടുത്തു കഴിഞ്ഞു.

ഗാനരചയിതാവും പാട്ടുകാരനും നടനുമൊക്കെയായ അരുൺരാജ കാമരാജിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘കനാ’. അരുൺരാജ കാമരാജിന്റെ കോളേജ്‌കാലം മുതലുള്ള സുഹൃത്തും നടനുമായ ശിവകാര്‍ത്തികേയനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശിവകാർത്തികേയൻ​ ആദ്യമായി നിർമ്മാതാവുന്ന ചിത്രം കൂടിയാണ് ‘കനാ’. ശിവകാര്‍ത്തികേയൻ, സത്യരാജ് എന്നിവർക്കൊപ്പം ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും എത്തിയ നിരവധി ക്രിക്കറ്റ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ദിബു ആണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര തലത്തിൽ കളിക്കുന്ന ഒരു ക്രിക്കറ്റ് താരമാവാൻ ആഗ്രഹിക്കുന്ന നാട്ടിൻപ്പുറത്തെ കൗസല്യ എന്ന പെൺകുട്ടിയുടെ ആഗ്രഹങ്ങളുടെയും പ്രയത്നങ്ങളുമാണ് കഥയാണ് ‘കനാ’ പറയുന്നത്. എന്നാൽ ക്രിക്കറ്റ്, സ്ത്രീ ശാക്തീകരണം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം തന്നെ കൃഷിയുടെ പ്രാധാന്യം, മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം, പൂർത്തികരിക്കാനാവാതെ പോവുന്ന സ്വപ്നങ്ങൾ, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളെയും പ്രതിപാദിക്കുന്നുണ്ട് ‘കനാ’. ഏതുകാലത്തും പ്രസക്തിയുള്ള വിഷയങ്ങളാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്. പതിവു സ്പോർട്സ് ഡ്രാമകളുടെ പാറ്റേണില്ലല്ല ‘കനാ’ ഒരുക്കിയിരിക്കുന്നത്. ക്രിക്കറ്റിനെ പ്രണയിക്കുന്ന പെൺകുട്ടിയായി ഐശ്വര്യയും ക്രിക്കറ്റിനോട് ഏറെ അഭിനിവേശമുള്ള, മകൾ ലോകകപ്പിൽ വിജയിക്കുന്നതു കാണാൻ ആഗ്രഹിക്കുന്ന മുരുഗേശൻ എന്ന അച്ഛനായി സത്യരാജും അസാമാന്യമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

Read more: ‘കനാ’ റിവ്യൂ വായിക്കാം

“ഒരു ക്രിക്കറ്ററെ വെച്ചു തന്നെ സിനിമ ചെയ്യാനായിരുന്നു ഞാൻ ആഗ്രഹിച്ചത്. എന്നാൽ സോഷ്യൽ മീഡിയയിലെ ഞങ്ങളുടെ പരസ്യം കണ്ട് ഐശ്വര്യ ആ വേഷം ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിക്കുകയായിരുന്നു. സിനിമയ്ക്കു വേണ്ടി ഐശ്വര്യ ക്രിക്കറ്റ് പഠിച്ചു, ട്രെയിനിംഗ് സെക്ഷനുകളിൽ പങ്കെടുത്തു. ബൗളിങ്ങ്, ഫീൽഡീംഗ് ഒക്കെ ഐശ്വര്യ നന്നായി ചെയ്യാൻ പഠിച്ചു. തങ്ങളുടെ പരിമിതികളെ അതിജീവിക്കാൻ തയ്യാറായി മുന്നോട്ടു വരുന്ന മെയിൻ സ്ട്രീം താരങ്ങളെ കണ്ടുകിട്ടുക എന്നത് വളരെ അപൂർവ്വമാണ്,” ചിത്രത്തിലേക്ക് ഐശ്വര്യ രാജേഷ് എത്തപ്പെട്ടതിനെ കുറിച്ച് സംവിധായകൻ അരുൺരാജ പറയുന്നു. ചിത്രത്തിൽ ഒരു കോച്ചിന്റെ റോളിലാണ് ശിവകാർത്തികേയൻ എത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook