ദിലീപ് കേന്ദ്രകഥാപാത്രമാകുന്ന കമ്മാരസംഭവം എന്ന ചിത്രത്തിന്റെ പുതിയ ലുക്ക് പുറത്ത്. ചിത്രത്തിലെ 96 വയസുകാരനായ തന്റെ കഥാപാത്രത്തിന്റെ രൂപം ദിലീപ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്. മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ടാണ് സിനിമ സംവിധാനം ചെയ്യുന്നത്.

‘ഒരായിരം നുണകളില്‍ കോര്‍ത്തെടുത്ത സത്യമുള്ള ഒരു സംഭവം. കമ്മാരന്‍ എന്ന സംഭവം. കമ്മാരസംഭവം.’ എന്ന ചെറിയ കുറിപ്പോടെയാണ് ദിലീപിന്റെ പോസ്റ്റ്. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം വിഷുവിനു തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളിലാണ് ദിലീപ് എത്തുന്നത്. ഫസ്റ്റ് ലുക്ക് നേരത്തേ ദിലീപ് തന്നെ പുറത്തുവിട്ടിരുന്നു. ഇതിന് വലിയ സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍.

തമിഴ് നടന്‍ സിദ്ധാര്‍ത്ഥും ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാര്‍ത്ഥിന്റെ ആദ്യ മലയാള ചിത്രമാണ് കമ്മാരസംഭവം. മുരളി ഗോപി, ബോബി സിന്‍ഹ, ശ്വേത മേനോന്‍, നമിത പ്രമോദ് തുടങ്ങിയവരാണു മറ്റ് അഭിനേതാക്കള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ