/indian-express-malayalam/media/media_files/uploads/2018/04/KammaraSambhavam.jpg)
'History is a set of lies agreed upon' എന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്‍റെ വാക്കുകളോടെയാണ് ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് ഒരുക്കിയ 'കമ്മാരസംഭവം' എന്ന സിനിമ തുടങ്ങുന്നത്. റിയല്‍ ഹിസ്റ്ററിയും റീല്‍ ഹിസ്റ്ററിയും തമ്മിലുള്ള വ്യത്യാസമാണ് 182 മിനിട്ട് ദൈര്‍ഘ്യമുള്ള സിനിമ പറയുന്നത്. ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയ മുരളീ ഗോപി തന്നെ പറഞ്ഞതു പോലെ മൂന്നു മണിക്കൂറില്‍ രണ്ടു സിനിമ. അതാണ് 'കമ്മാരസംഭവം'.
കേരളത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകളുടെ മദ്യനയത്തില്‍പ്പെട്ട് ഉഴലുന്ന ഒരു കൂട്ടം അബ്കാരികള്‍ (വിജയരാഘവന്‍, ബൈജു, സുധീര്‍ കരമന, വിനയ് ഫോര്‍ട്ട്) തങ്ങളുടെ കൂട്ടത്തിലെ രാഷ്ട്രീയക്കാരനായ സുരേന്ദ്രന്‍റെ (ഇന്ദ്രന്‍സ്) കൊച്ചു പാര്‍ട്ടിയേയും അതിന്‍റെ ചരിത്രത്തേയും ചികഞ്ഞെടുത്ത് പുതിയൊരു ഹീറോയെ ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ആ ഹീറോയാണ് ദിലീപ് അവതരിപ്പിക്കുന്ന കമ്മാരന്‍ നമ്പ്യാര്‍.
കമ്മാരന്‍റെ ജീവിതവും ഇന്ത്യന്‍ ലിബര്‍ട്ടി പാര്‍ട്ടിയുടെ ചരിത്രവും സിനിമയാക്കാന്‍ തമിഴ് സവിധായകന്‍ പുലികേശി (ബോബി സിന്‍ഹ)യെ സമീപിക്കുകയും, ഇവര്‍ കമ്മാരന്‍റെ ചരിത്രം തേടിയിറങ്ങുകയുമാണ്. മകന്‍ ബോസിനെ (സിദ്ദീഖ്) ഉള്‍പ്പെടെ മറ്റുള്ളവരെയെല്ലാം മുറിയില്‍ നിന്നും പുറത്താക്കി, കമ്മാരന്‍ തന്‍റെ ജീവിതം പുലികേശിയോടു പറയുന്നു.
ആദ്യ പകുതി പറയുന്നത് കമ്മാരന്‍റെയും നാടിന്‍റെയും യഥാര്‍ത്ഥ ചരിത്രമാണ്. ചതിയും വഞ്ചനയും സ്വാര്‍ത്ഥതയും കൈമുതലായ, സ്വന്തം നേട്ടത്തിനുവേണ്ടി നാടിനെ വരെ ഒറ്റിക്കൊടുത്ത കമ്മാരന്‍ എന്ന വ്യാജ വൈദ്യന്‍റെ ചരിത്രമാണ് ആദ്യ ഒന്നേ മുക്കാല്‍ മണിക്കൂര്‍ പ്രേക്ഷകനു മുന്നില്‍ വെളിപ്പെടുന്നത്. നാട്ടിലെ ജന്മിയായ കേളു നമ്പ്യാര്‍ (മുരളി ഗോപി)ക്കൊപ്പവും, അയാളുടെ മകനായ ഒതേന (സിദ്ധാര്‍ത്ഥ്)നൊപ്പവും, ബ്രിട്ടീഷുകാര്‍ക്കൊപ്പവും, നാട്ടിലെ പാവപ്പെട്ട തമിഴന്മാര്‍ക്കൊപ്പവുമെല്ലാമാണ് താനെന്ന് ഓരോരുത്തരെയും വിശ്വസിപ്പിക്കുകയും പിന്നീട് എല്ലാവരെയും ചതിക്കുകയും ചെയ്യുന്ന കമ്മാരന്‍ തന്‍റെ ലക്ഷ്യം കൈവരിക്കുകയാണ് ആദ്യ പകുതിയില്‍.
ചതിയനായ കമ്മാരനെ ഹീറോ ആക്കിയെടുക്കുന്ന സിനിമയാണ് രണ്ടാം പകുതി, അതായത് റീല്‍ ചരിത്രം. ഇവിടെ കമ്മാരന്‍ സ്വാതന്ത്ര്യ സമര സേനാനിയും, ദേശസ്‌നേഹിയും, സുഭാഷ് ചന്ദ്രബോസിന്‍റെ അടുത്ത ആളും, ഗാന്ധിജിയുടെ പോലും രക്ഷകനുമാണ്. വില്ലനാകുന്നത് ഒതേനനാണ്. 'വില്ലന്‍ നായകനാകുന്നു, നായകന്‍ വില്ലനാകുന്നു' എന്ന സിനിമയുടെ ടാഗ് ലൈനിനോട് നീതി പുലര്‍ത്തുകയാണ് ചിത്രം ഇവിടെ.
ചരിത്രം എന്ന പേരില്‍ നാം കേള്‍ക്കുന്നതും പഠിക്കുന്നതും മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച ഒരു കൂട്ടം നുണകളാണെന്നാണ് സിനിമ പറയുന്നത്. ദിലീപിന്‍റെ യഥാര്‍ത്ഥ ജീവിതത്തില്‍ അടുത്ത കാലത്ത് നടന്ന പല സംഭവങ്ങളോടും സാമ്യമുള്ള ചില ഡയലോഗുകളും ചിത്രത്തില്‍ കാണാം. കമ്മാരന് ഗാന്ധിജി കൊടുത്തു വിട്ട കത്ത് കൈപ്പറ്റുന്ന സമയത്ത് 'ഒരു കത്തു കിട്ടിയതിന്‍റെ ക്ഷീണം മാറിയില്ല' എന്ന ഡയലോഗൊക്കെ ശരിക്കും മുഴച്ചു നില്‍ക്കുന്നുണ്ട്. 'നിങ്ങള്‍ വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നതേ വിശ്വസിക്കൂ, സത്യം വിശ്വസിക്കില്ല' തുടങ്ങി ജീവിതത്തില്‍ പറയാനാഗ്രഹിക്കുന്ന പലതും നടന്‍ സിനിമയില്‍ പറയുന്നതായി തോന്നും.
ചരിത്രം നായകനാക്കിയവര്‍ യഥാര്‍ത്ഥത്തില്‍ വില്ലനും, വില്ലനാക്കിയവര്‍ യഥാര്‍ത്ഥത്തില്‍ നായകനുമാണെന്ന് പറഞ്ഞുവയ്ക്കാന്‍ സിനിമ ശ്രമിക്കുന്നുണ്ട്. നാലു ഗെറ്റപ്പുകളിലാണ് ദിലീപ് എത്തുന്നത്. ഒന്ന് പ്രായമായ കമ്മാരന്‍, രണ്ട് കമ്മാരന്‍ വൈദ്യരെന്ന നീചന്‍, മറ്റൊന്നു സിനിമയ്ക്കുള്ളിലെ സിനിമയിലെ കമ്മാരന്‍ നമ്പ്യാര്‍, പിന്നെ യഥാര്‍ത്ഥ ദിലീപ്. കമ്മാരന്‍ വൈദ്യരെന്ന ആദ്യ പകുതിയിലെ കഥാപാത്രത്തെ ദിലീപ് നന്നായി അവതരിപ്പിച്ചു. എന്നാല്‍ പ്രായമായ കമ്മാരന്‍റെ മേക്കപ്പ് വല്ലാത്ത വെച്ചുകെട്ടലായി അനുഭവപ്പെട്ടു. താടി വളര്‍ത്തിയ കമ്മാരന്‍ ലുക്കില്‍ ഗംഭീരമാണെങ്കിലും ഡയലോഗ് ഡെലിവറിയില്‍ ശബ്ദം പുലര്‍ത്തിയ ഒരേ മോഡുലേഷന്‍ അരോചകമായി.
സിദ്ദാര്‍ത്ഥിന്റെ പ്രകടനമാണ് എടുത്തു പറയേണ്ടത്. ചിത്രത്തില്‍ തന്‍റെ കഥാപാത്രത്തിന് സ്വന്തമായാണ് സിദ്ദാര്‍ത്ഥ് ഡബ്ബ് ചെയ്തിരിക്കുന്നത്. തന്‍റെ റേഞ്ച് എന്തെന്ന് ഒരിക്കല്‍കൂടി സിദ്ദാര്‍ത്ഥ് തെളിയിച്ചു. ചെറിയ വേഷത്തിലെങ്കിലും ശ്വേതാ മേനോനും, നായികയായി നമിത പ്രമോദും, മുരളി ഗോപി ഉള്‍പ്പെടെയുള്ള ഓരോ കഥാപാത്രങ്ങളും തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി.
കമ്മാരസംഭവത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം അതിന്‍റെ സാങ്കേതിക വശങ്ങളാണ്. ദിലീപിന്‍റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണിതെന്ന് കാണുമ്പോഴേ അറിയാം. യുദ്ധ രംഗങ്ങളും ട്രെയിനിനു മുകളിലെ ഫൈറ്റുമെല്ലാം മനോഹരമായി ചിത്രീകരിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സുനില്‍ കെ.എസിന്‍റെ ക്യാമറയിലെ മികവ് എടുത്തു പറയേണ്ടിയിരിക്കുന്നു. അത്തരത്തില്‍ മികച്ചൊരു വിഷ്വല്‍ ട്രീറ്റ് കൂടിയാണീ ചിത്രം. ഗോപി സുന്ദറിന്‍റെ സംഗീതവും ചിത്രത്തിന് മാറ്റു കൂട്ടുന്നു.
അടുത്തകാലത്ത് മലയാളത്തില്‍ ഇറങ്ങിയ നല്ലൊരു പൊളിറ്റിക്കല്‍ സറ്റയര്‍, സ്പൂഫ് ഗണത്തില്‍ പെടുത്താവുന്ന സിനിമയാണ് ഇത്. മൂന്നു മണിക്കൂര്‍ പോകുന്നതറിയാതെ, തുടക്കക്കാരനെന്ന് എവിടെയും തോന്നിക്കാതെ രതീഷ് അമ്പാട്ട് ചിത്രത്തോട് നീതി പുലര്‍ത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.