ദിലീപ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാര സംഭവം. വ്യത്യസ്തമായ വേഷങ്ങളും ഗെറ്റപ്പുകളും നടത്തി തന്റെ സിനിമാ ജീവിതത്തില്‍ ഒരിക്കല്‍ കൂടി പരീക്ഷണത്തിനൊരുങ്ങുകയാണ് ദിലീപ്. ദിലീപിന്റെ ഈ ലുക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാകുന്നത്. സമീറ സനീഷാണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരം.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ആരംഭിച്ച്, കമ്മാരന്റെ ജീവിതത്തിലൂടെ യാത്ര ചെയ്യുന്ന സാമൂഹ്യ ആക്ഷേപഹാസ്യമാണ് ഈ സിനിമ എന്ന് സംവിധായകന്‍ രതീഷ് അമ്പാട്ട് പറയുന്നു. മൂന്നു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് എത്തുന്നത്. ദിവസവും അഞ്ചു മണിക്കുറോളം സമയം ചിലവിട്ടാണ് കമ്മാരനെ ഒരുക്കിയെടുക്കുന്നത്. ലാല്‍ജോസിന്റെ പിതാവിന്റേയും ദിലീപിന്റെ അച്ഛന്റേയും രൂപങ്ങളില്‍ നിന്നുമാണ് കമ്മാരന്റെ മൂന്നാം ഗെറ്റപ്പ് രൂപപ്പെടുത്തിയതെന്ന് സംവിധായകന്‍ രതീഷ് അമ്പാട്ട് പറയുന്നു.

കഥാപാത്രത്തിനുവേണ്ടി നിരവധി ലുക്കുകള്‍ പരീക്ഷിച്ചെങ്കിലും അതിലൊന്നും തനിക്കു സംതൃപ്തി ഉണ്ടായിരുന്നില്ലെന്നു ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ വ്യക്തമാക്കുന്നു. മുഴുവനായും നരച്ച മുടിയും വ്യത്യസ്തമായ മീശയും ഹെയര്‍സ്‌റ്റൈലുമുള്ള ലാല്‍ജോസിന്റെ അച്ഛനെ പലതവണ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്‌റ്റൈലിനെ ദിലീപിന്റെ പിതാവിന്റെ രൂപവുമായി സംയോജിപ്പിച്ചാണ് കഥാപാത്രത്തിന്റെ രൂപത്തിലേക്കെത്തുന്നത് എന്നും രതീഷ് അമ്പാട്ട് പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ