മലയാളികൾ എക്കാലവും നെഞ്ചോട് ചേർത്തുവയ്ക്കുന്ന കമലദളം ഇറങ്ങിയിട്ട് ഇന്നേക്ക് കാൽ നൂറ്റാണ്ട് തികയുന്നു. ലോഹിതദാസ്- സിബിമലയിൽ കൂട്ടുകെട്ടിൽ പിറന്ന വിസ്‌മയമായിരുന്നു കമലദളം. സംഗീതവും നൃത്തവും സമന്വയിപ്പിച്ച കാവ്യ വിസ്‌മയമായിരുന്നു ആ ചലച്ചിത്രം. ലോഹിത ദാസിന്റെ തിരക്കഥയിൽ സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്‌തത്.

കാലമേറെ കഴിഞ്ഞിട്ടും ചിത്രത്തിലെ ഓരോ ദൃശ്യങ്ങളും മലയാളിയുടെ മനസിൽ ഇന്നും മായാതെ കിടപ്പുണ്ട്. മലയാളത്തിലിറങ്ങിയ നൃത്തത്തെ ആധാരമാക്കിയുളള സിനിമകളിൽ മുന്നിൽ നിൽക്കുന്നത് കമലദളമാണെന്ന് നിസംശയം പറയാം.

അലസമായ മുടിയും താടിയുമായി പ്രത്യക്ഷപ്പെട്ട നന്ദഗോപൻ മലയാളിയുടെ മനസ് കീഴടക്കിയത് പെട്ടെന്നായിരുന്നു. ശാസ്ത്രീയ നൃത്തത്തിന്റെ പുതിയൊരു ലോകമാണ് കമലദളം കാഴ്‌ചക്കാർക്ക് മുന്നിൽ ഒരുക്കിയത്.

കമലദളത്തിലെ ഓരോ കഥാപാത്രവും സിനിമാപ്രേമികളുടെ മനസിൽ ഇന്നും മായാതെ കിടപ്പുണ്ട്. നന്ദഗോപനായി അഭിനയത്തിന്റെ പുതിയതലങ്ങളാണ് മോഹൻലാലെന്ന നടൻ കാഴ്‌ച വച്ചത്. മോനിഷ മാളവിക നങ്ങ്യാരായി എത്തിയപ്പോൾ സുമംഗലയായി പാർവ്വതിയുമെത്തി. ഇരുവരുടെയും എക്കാലത്തെയും മികച്ച കഥാപാത്രങ്ങളായിരുന്നു കമലദളത്തിലേത്. മാധവനുണ്ണിയായി മുരളിയും സോമശേഖരനുണ്ണിയായി വിനീതും വെളളിത്തിരയിലെത്തി. സുകുമാരി, നെടുമുടി വേണു, ഒടുവിൽ ഉണ്ണികൃഷ്‌ണൻ, തിക്കുറിശ്ശി സുകുമാരൻ നായർ തുടങ്ങിയ പ്രതിഭകളും കമലദളത്തെ അവിസ്‌മരണീയമാക്കി.

ചിത്രം കാൽനൂറ്റാണ്ട് തികയുമ്പോൾ അരങ്ങിലും അണിയറയിലുമുണ്ടായിരുന്ന പലരും ഇന്നില്ല. ലോഹിതദാസ്, മുരളി, സുകുമാരി, ഒടുവിൽ ഉണ്ണികൃഷ്‌ണൻ, മോനിഷ എന്നിവർ നമ്മെ വിട്ടുപോയി. എന്നാൽ ഇവർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഈ പ്രതിഭകൾ ജീവിക്കുന്നു. രവീന്ദ്രൻ മാഷായിരുന്നു ഇന്നും നെഞ്ചോട് ചേർക്കുന്ന ഗാനങ്ങൾക്ക് സംഗീതം നൽകിയത്. മനോഹരമായ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയതാകട്ടെ ആനന്ദക്കുട്ടനും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ