ആരാധകനെ കമൽഹാസൻ തളളി മാറ്റുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഇന്നലെ മുതലാണ് വിഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായത്. ഷോപ്പിലെത്തിയ കമൽഹാസൻ തിരികെ കാറിലേക്ക് കയറാൻ പോകുന്നതിനിടെയായിരുന്നു സംഭവം.

കമൽഹസാനെ കാണാനായി ഷോപ്പിനു മുന്നിൽ ആരാധകരുടെ വലിയൊരു കൂട്ടം തമ്പടിച്ചിരുന്നു. ഷോപ്പിൽനിന്നും പുറത്തെത്തിയ കമൽഹാസൻ സ്റ്റെപ്പുകൾ ഇറങ്ങി കാറിനടുത്തേക്ക് പോകുമ്പോഴാണ് ആരാധകരിൽ ഒരാൾ കമലിന്റെ അടുത്തെത്തിയത്. ഉടൻ കമൽഹാസൻ ഇയാളെ തളളി മാറ്റുകയായിരുന്നു. ഇതിന്റെ വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നത്. വിഡിയോ വൈറലായതോടെ കമൽഹാസന്റെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

ആരാധകരോട് കമൽഹാസൻ ഒരിക്കലും ഇങ്ങനെ പെരുമാറാൻ പാടില്ലായിരുന്നുവെന്നാണ് ഒരു കൂട്ടർ പറയുന്നത്. അതേസമയം, കമൽഹാസന്റെ കാലുകൾ തൊട്ടു തൊഴാൻ ശ്രമിക്കവേയാണ് ആരാധകനെ അദ്ദേഹം പിടിച്ചു മാറ്റിയതെന്നാണ് കമൽഹാസനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

2015 ൽ ഉത്തമ വില്ലൻ സിനിമയുടെ സമയത്ത് ബെംഗളൂരുവിൽ നടന്ന സംഭവത്തിന്റെ വിഡിയോയാണ് ഇതെന്നും റിപ്പോർട്ടുകളുണ്ട്. വിഡിയോയിൽ ഗൗതമിയെയും നടൻ രമേശ് അരവിന്ദിനെയും കാണുന്നതാണ് ഈ റിപ്പോർട്ടിന് ആധാരം.

അതേസമയം, കമൽഹാസൻ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനെ പ്രതിരോധിക്കാനാണ് ഇത്തരമൊരു വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാക്കിയതിന് പിന്നിലെന്നും ചിലർ പറയുന്നു. ജനങ്ങൾക്ക് മുന്നിലുളള താരത്തിന്റെ പ്രതിച്ഛായയെ ഇതിലൂടെ തകർക്കുകയാണ് ലക്ഷ്യമെന്നും ഇക്കൂട്ടർ ആരോപിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ