മലയാള സിനിമയുമായി അഭേദ്യമായ ബന്ധമുള്ള താരമാണ് കമൽഹാസൻ. മലയാളം സിനിമ ഇൻഡസ്‌ട്രി തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും മലയാള സിനിമാ താരങ്ങളുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നും പല പൊതുവേദികളിലും കമൽഹാസൻ പറഞ്ഞിട്ടുണ്ട്.
ഇപ്പോൾ ഇതാ തന്നെ അഭിനയം പഠിപ്പിച്ചതിൽ മലയാള സിനിമയ്‌ക്ക് നിർണായക പങ്കുണ്ടെന്നാണ് ഉലകനായകൻ പറയുന്നത്. നടൻ വിജയ് സേതുപതിയുമായുള്ള വീഡിയോ ചാറ്റിനിടെയാണ് മലയാള സിനിമയെ പ്രശംസിച്ച് കമൽഹാസൻ രംഗത്തെത്തിയത്.
കമൽഹാസനെ തത്സമയം അഭിമുഖം ചെയ്യുകയായിരുന്നു മക്കൾ സെൽവൻ. വിജയ് സേതുപതിയുടെ ചോദ്യങ്ങൾക്ക് ‘സർ’ എന്നു തിരിച്ചു വിളിച്ചാണ് കമൽഹാസൻ മറുപടി നൽകിയത്.
കമൽഹാസന്റെ അഭിനയത്തെ കുറിച്ച് വിജയ് സേതുപതി ചോദിച്ചു. ആ ചോദ്യത്തിനു കമൽഹാസൻ നൽകിയ മറുപടി ഇങ്ങനെ: ‘രണ്ട് ഉറവിടങ്ങളിൽ നിന്നാണ് ഞാൻ അഭിനയത്തെ കുറിച്ച് കൂടുതൽ പഠിച്ചത്. ഒന്ന്, സംവിധായകൻ കെ.ബാലചന്ദർ, രണ്ട് മലയാള സിനിമ..’
വ്യത്യസ്ത രീതിയിലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ മലയാളത്തിലെ അഭിനേതാക്കളും തങ്ങളുടെ താരങ്ങൾ വ്യത്യസ്‌ത കഥാപാത്രങ്ങൾ ചെയ്യുന്നതു കാണാൻ അവരുടെ ആരാധകരും തൽപരരാണെന്നും കമൽഹാസൻ പറഞ്ഞു.
‘നാൻ ഒരു കഥെെ സൊല്ലട്ടുമാ’ എന്ന് പറഞ്ഞാണ് കമൽഹാസൻ വീഡിയോ ചാറ്റ് ആരംഭിച്ചത്. മക്കൾ സെൽവൻ ആരാധകരെ ഇത് ആവേശത്തിലാക്കി. സിനിമ, ജീവിതം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളെ കുറിച്ചെല്ലാം കമൽഹാസനും വിജയ് സേതുപതിയും തമ്മിൽ സംസാരിച്ചു. വാണിജ്യ സിനിമകൾക്ക് പുറമേ പോകാതെ കഥയും മൂല്യവും നോക്കി സിനിമകൾ തിരഞ്ഞെടുക്കാനുള്ള വിജയ് സേതുപതിയുടെ കഴിവിനെ കമൽഹാസൻ പ്രശംസിച്ചു.
View this post on Instagram
കമലിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വിജയ് ചോദിച്ചു. രാഷ്ട്രീയ പാർട്ടിക്ക് ‘മക്കൾ നീതി മയ്യം’ എന്നു പേരിട്ടത് എന്തുകൊണ്ടാണെന്നായിരുന്നു മക്കൾ സെൽവന്റെ ചോദ്യം. കമ്യൂണിസവുമായി ബന്ധപ്പെടുത്തിയായിരുന്നു കമലിന്റെ ഉത്തരം. ‘കമ്യൂണിസം എന്നു പറയാറില്ലേ. അതിൽ എല്ലാം ഉൾക്കൊള്ളുന്നു എന്നും അർഥമുണ്ട്. കമ്യൂണിറ്റി എന്നാൽ കൂട്ടം എന്നല്ലേ അർഥം. എല്ലാവരേയും ഉൾക്കൊള്ളുന്ന ഒരു കൂട്ടം. അങ്ങനെയാണ് മക്കൾ നീതി മയ്യം എന്ന പേരിലേക്ക് എത്തിയത്.’ കമൽഹാസൻ പറഞ്ഞു.
Read Here: എന്റെ ജീവിതത്തിലെ എല്ലാ നന്മകൾക്കും കാരണം നിങ്ങൾ; കമൽഹാസന് സ്നേഹചുംബനം നൽകി സുഹാസിനി