‘ഇന്ത്യൻ 2’ വിന് പിറകെ ‘തേവർ മകന്റെ’യും രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന അഭ്യൂഹം തമിഴകത്തു നിന്നും കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായിരുന്നു. എന്നാൽ കേട്ടത് വെറും അഭ്യൂഹമല്ല, ‘തേവർ മകൻ 2’ സിനിമയാകുകയാണ് എന്ന സ്ഥിരീകരണ വാർത്തയാണ് ഇപ്പോൾ ലഭിക്കുന്നത്. വാർത്ത സത്യമാണെന്ന് കമൽഹാസൻ തന്നെയാണ് വെളിപ്പെടുത്തിയത്.   ഒരു അഭിമുഖത്തിനിടെയാണ് താരം ‘തേവർമകന്റെ’ രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത സ്ഥിരീകരിച്ചിരിക്കുന്നത്.

തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കൽ ചിത്രങ്ങളിലൊന്നാണ് ‘തേവർ മകൻ’. 1992 ലാണ് ചിത്രം റിലീസ് ചെയ്തത്. കമല്‍ഹാസനും ശിവാജി ഗണേശനും മത്സരിച്ചഭിനയിച്ച ചിത്രം കമൽഹാസന്റെ കരിയറിലെയും മൈൽസ്റ്റോൺ ആയിരുന്നു. കമല്‍ഹാസന്‍റെ രചനയില്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രം ഹിന്ദി, കന്നഡ ഭാഷകളിലേക്കും പിന്നീട് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ‘തേവർ മകനി’ലെ അഭിനയത്തിന് രേവതിയ്ക്ക് മികച്ച സഹനടിക്കുളള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.

തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളുമായി തിരക്കിലായ കമൽഹാസന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ ‘ഇന്ത്യൻ 2’ ഉം ‘തേവർ മകനും’ മാത്രമാണ്. കൂടുതൽ ചിത്രങ്ങളൊന്നും താരം കമിറ്റ് ചെയ്തിട്ടില്ല. ‘ഇന്ത്യൻ 2′ അടുത്ത വർഷമാണ് റിലീസ്.

ബിഗ്‌ ബോസ്’ തമിഴ് സീസണ്‍ ഒന്നിന്റെ ഗ്രാന്‍ഡ്‌ ഫിനാലെ സമയത്താണ് ‘ഇന്ത്യന്‍’ രണ്ടാം ഭാഗം വരുന്നു എന്ന കമല്‍ഹാസന്റെ പ്രഖ്യാപനം ഉണ്ടായത്. ‘ബിഗ്‌ ബോസ്’ സീസണ്‍ രണ്ടും അവസാനിക്കാറായപ്പോഴും കമലിന്റെ ‘തേവര്‍ മകന്‍’ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നു. അതിനു കാരണവുമുണ്ട്. ‘ബിഗ്‌ ബോസ്’ സീസണ്‍ രണ്ടിന്റെ ഗ്രാന്‍ഡ്‌ ഫിനാലെ പ്രൊമോയില്‍ കമല്‍ അവതരിച്ചത് ‘തേവര്‍ മകനി’ലെ ഗെറ്റപ്പിലാണ്. ‘തേവര്‍ മകന്റെ’ പശ്ചാത്തല സംഗീതവും പ്രൊമോയില്‍ ഉള്‍പ്പെടുത്തിയിരുന്നു.  അതുകൊണ്ട് കഴിഞ്ഞ തവണത്തെപ്പോലൊരു പ്രഖ്യാപനത്തിന്റെ പ്രതീക്ഷയിലായിരുന്നു കമല്‍ രസികര്‍ മൻട്രം.

1992ല്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘തേവര്‍ മകന്‍’. കേന്ദ്ര കഥാപാത്രമായ ശക്തിവേലിനെ അവതരിപ്പിച്ച കമല്‍ തന്നെയാണ് നിര്‍മ്മാതാവും രചയിതാവും. കമല്‍ഹാസന്റെ അച്ഛന്റെ വേഷത്തില്‍ ശിവാജി ഗണേശനും കാമുകി, ഭാര്യ എന്നിവരുടെ വേഷങ്ങളില്‍ യഥാക്രമം ഗൗതമി, രേവതി എന്നിവരും അഭിനയിച്ചു. ഇരുനൂറോളം ദിവസങ്ങള്‍ തിയേറ്ററുകളില്‍ പ്രദർശിപ്പിച്ച സിനിമ വന്‍ വിജയമായിരുന്നു. പിന്നീട് ഹിന്ദി, തെലുങ്ക്‌, കന്നഡ എന്നീ ഭാഷകളിലും പുനര്‍നിര്‍മ്മിക്കപ്പെട്ട ‘തേവര്‍ മകന്‍’ ആ വര്‍ഷത്തെ മികച്ച തമിഴ് ചിത്രത്തിനുള്ള രജത കമലം ഉള്‍പ്പടെ അഞ്ച് ദേശീയ പുരസ്കാരങ്ങള്‍ കരസ്ഥമാക്കി. തമിഴ് നാട്ടിലെ തേവര്‍ സമുദായത്തില്‍പ്പെട്ട ഒരു കുടുംബത്തിന്റെ രണ്ടു തലമുറകളുടെ കഥ പറഞ്ഞ സിനിമയും തമിഴ് സിനിമാ രംഗത്തെ പ്രധാനചിത്രങ്ങളില്‍ ഒന്നാണ്.

Read More: ‘ബിഗ്‌ബോസ്സ്’ ഫിനാലെയില്‍ ‘തേവര്‍ മകന്‍’ വേഷത്തില്‍ കമല്‍: രണ്ടാം ഭാഗം പ്രഖ്യാപനം കാത്ത് ആരാധകര്‍

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ