ഉലകനായകന് കമല്‍ഹാസന്‍ ഇന്ന് 65-ാം ജന്മദിനം ആഘോഷിക്കുകയാണ്. ജന്മദിനാഘോഷങ്ങള്‍ക്കിടയില്‍ മലയാളികള്‍ക്കു അഭിമാനം നല്‍കുന്ന ഒരു കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് കമല്‍ഹാസന്‍. തനിക്കു ഇഷ്ടപ്പെട്ട അഭിനേതാക്കളുടെ പട്ടികയില്‍ കമല്‍ഹാസന്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മലയാള നടന്‍ ഫഹദ് ഫാസിലാണ്.
‘ആനന്ദ വികടന്‍’ മാഗസിനു നല്‍കിയ അഭിമുഖത്തിലാണു കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞത്. മാധ്യമപ്രവര്‍ത്തകരുമായുള്ള സംസാരത്തിനിടയിലാണ് പ്രിയപ്പെട്ട അഭിനേതാക്കളെ കുറിച്ച് കമല്‍ഹാസന്‍ മനസ്സുതുറന്നത്. ഇന്ത്യന്‍ സിനിമയില്‍ ആരുടെയെല്ലാം പ്രകടനങ്ങളാണ് നിങ്ങളെ അതിശയിപ്പിച്ചത്? നിങ്ങളുടെ പിന്‍ഗാമി ആരാകണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് ? എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായാണ് കമല്‍ഹാസന്‍ ഫഹദ് ഫാസിലിന്റെ പേരും പറഞ്ഞത്.
Read Also: ഉലകനായകന് ഇന്ന് പിറന്നാൾ; അപൂർവ്വ ചിത്രങ്ങൾ
കഴിവുള്ള ഒട്ടനവധി അഭിനേതാക്കളുണ്ടെന്ന് കമല്‍ഹാസന്‍ പറഞ്ഞു. തമിഴിലെ മികച്ച നടനെ ചോദിച്ചാല്‍ അതു ഞാന്‍ പറയില്ല. തൊട്ടടുത്ത സംസ്ഥാനങ്ങളിലെ നടന്‍മാരെ ചോദിച്ചാല്‍ ചിലരുടെ പേര് പറയാനാകും. ഹിന്ദിയിൽ നവാസുദ്ദീൻ സിദ്ധിഖിയും ശശാങ്ക് അറോറയെയുമാണ് തനിക്കു ഇഷ്‌ടമെന്ന് കമൽഹാസൻ പറഞ്ഞു. മലയാളത്തിൽ ഫഹദ് ഫാസിലിന്റെ അഭിനയം ഇഷ്ടമാണെന്നും കമൽഹാസൻ പറയുന്നു. നവാസുദ്ദീൽ സിദ്ധിഖി, ശശാങ്ക് അറോറ എന്നിവർക്കൊപ്പമാണ് ഫഹദ് ഫാസിലിന്റെ പേര് കമൽഹാസൻ പറഞ്ഞത്. ഇതോടെ ആരാധകർ കമൽഹാസന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ്.
മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് കമൽഹാസന്റെ ജന്മദിനത്തോടു അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. താരത്തിന്റെ ഹോം ബാനറായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലാണ് ആഘോഷ പരിപാടികൾ പ്ലാൻ ചെയ്തിരിക്കുന്നത്. മൂന്നുദിവസം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾ, ഇളയരാജ നയിക്കുന്ന സംഗീതനിശയോടെ അവസാനിക്കും. രജിനികാന്ത്, എസ് പി ബാലസുബ്രഹ്മണ്യം എന്നിവരും സംഗീത നിശയിൽ പങ്കെടുക്കും. 65 വയസ് പൂർത്തിയാകുമ്പോൾ സിനിമാ ജീവിതത്തിന്റെ 60 വർഷം കൂടിയാണ് കമൽ ആഘോഷിക്കുന്നത്.