21 വയസുള്ള കനിമൊഴിയ്ക്ക് ഇനി പാടത്ത് പണിയെടുക്കേണ്ടി വരില്ല. അധ്വാനിച്ച് ആഗ്രഹിച്ച് നേടിയെടുത്ത മെഡിക്കല്‍ സീറ്റില്‍ പഠനം പൂര്‍ത്തിയാക്കാം, ഡോക്ടര്‍ ആകാം. അതിന് കമല്‍ഹാസന്റെ ഉറപ്പും പിന്തുണയുമുണ്ട്.
സിരുവചൂര്‍ ധനലക്ഷ്മി ശ്രീനിവാസന്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയായ കനിമൊഴി മെഡിക്കല്‍ ഫീസ് കൊടുക്കാനായി പാടത്ത് പണിയെടുക്കുന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. അതു കണ്ട കമല്‍ഹാസന്‍ തന്റെ സഹോദരന്‍ ചന്ദ്രഹാസന്റെ പേരിലുള്ള ട്രസ്റ്റ് മുഖേന കനിമൊഴിയുടെ പഠന ചെലവുകള്‍ മുഴുവന്‍ വഹിക്കും എന്നറിയിച്ച് രംഗത്ത് വരികയായിരുന്നു.
“പെരംബാലൂര്‍ സ്വദേശിനിയായ കനിമൊഴി മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കുന്നതിനായി കാഷ്വല്‍ ലേബറര്‍ ആയി ജോലി ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത എന്റെ ശ്രദ്ധയില്‍പ്പെട്ടു. അണ്ണന്‍ ചന്ദ്രഹാസന്‍ ട്രസ്റ്റ് വഴി അവരുടെ പഠന ചെലവുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 2019 ഫെബ്രുവരിയില്‍ അവരുടെ എംബിബിഎസ് പഠനം പൂര്‍ത്തിയായി കഴിഞ്ഞാല്‍ പിന്നീടുള്ള ഉന്നത പഠനം, സ്കില്‍ ഡെവലപ്മെന്റ് എന്നിവയ്ക്കുള്ള ചെലവും ട്രസ്റ്റ് ഏറ്റെടുക്കും”, വാര്‍ത്ത പുറത്തു കൊണ്ട് വന്ന പുതിയ തലൈമുറൈ ടിവിയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് കമല്‍ഹാസന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
2014ല്‍ ഗവൺമെന്റ് കോട്ടയില്‍ എംബിബിഎസിന് ചേര്‍ന്ന കനിമൊഴിയുടെ വാര്‍ഷിക ഫീസ് അഞ്ചു ലക്ഷം രൂപയാണ്. അതില്‍ മൂന്നു ലക്ഷത്തോളം രൂപ പിന്നോക്ക വിഭാഗക്കാര്‍ക്കുള്ള സ്കോളര്‍ഷിപ് വഴിയും ബാക്കി തുക സ്വന്തമായുമാണ് അവര്‍ നല്‍കി വന്നത്. എന്നാല്‍ നാല് വര്‍ഷവും ആറു മാസവും മാത്രമാണ് സ്കോളര്‍ഷിപ്പിന്റെ കാലാവധി. അതിനു ശേഷമുള്ള തുകയാണ് ട്രസ്റ്റ് ആദ്യ ഘട്ടത്തില്‍ നല്‍കുന്നത്.
ദുബായില്‍ ദിവസ വേതന ജോലിക്കാരനായിരുന്ന കനിമൊഴിയുടെ അച്ഛന്‍ പിച്ചൈമണി തന്റെ മുഴുവന്‍ സമ്പാദ്യവും വിറ്റും പണയം വച്ചും 8,80,000ത്തോളം രൂപ ചെലവഴിച്ചാണ് മകളെ പഠിപ്പിച്ചിരുന്നത്. പണം തികയാതെ വന്നപ്പോഴാണ് വാരാന്ത്യങ്ങളില്‍ അച്ഛനൊപ്പം പാടത്ത് ജോലിയ്ക്കിറങ്ങാന്‍ കനിമൊഴി തീരുമാനിച്ചത്.
ചിത്രങ്ങള്‍: ട്വിറ്റെര്‍