ചെന്നൈ: ലൊക്കേഷനില്‍ സുരക്ഷ ഉറപ്പുവരുത്തിയാല്‍ ഷൂട്ടിങ് പുനഃരാരംഭിക്കാമെന്ന് കമല്‍ ഹാസന്‍. ലൈക്ക പ്രൊഡക്ഷന്‍സ് സ്ഥാപകനും ചെയര്‍മാനുമായ സുഭാസ്‌കരന്‍ ആലിരാജയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.

അപകടത്തില്‍നിന്നു തലനാരിഴയ്ക്കാണ് താന്‍ രക്ഷപ്പെട്ടതെന്ന് കമല്‍ കത്തില്‍ പറയുന്നു. അപകടമുണ്ടാക്കിയ ക്രെയിന്‍ തകര്‍ന്നുവീഴുന്നതിന് ഏതാനും മീറ്റര്‍ അകലെയാണ് താന്‍ നിന്നിരുന്നത്. അത്ഭുതകരമായിട്ടാണ് താന്‍ രക്ഷപ്പെട്ടത്. എനിക്കുണ്ടായ മാനസികാഘാതവും വിഷമവും പറയാന്‍ വാക്കുകളില്ലെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഇന്ത്യന്‍ 2-ന്റെ സെറ്റിലേക്ക് തിരിച്ചെത്തുകയില്ലെന്ന് കമല്‍ പറഞ്ഞു. ഷൂട്ടിങ് നടക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്തുകയും സംഘത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്തകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏതൊരു ഷൂട്ടിങ്ങും ആരംഭിക്കുന്നതിന് മുമ്പ് എല്ലാ സുരക്ഷാ ചട്ടങ്ങളും ഉറപ്പുവരുത്തണം. അത്തരം നടപടികളിലൂടെ മാത്രമേ പ്രൊഡക്ഷന്‍ സംഘത്തിന് സുരക്ഷാ ആവശ്യങ്ങള്‍ പാലിക്കുന്നുവെന്ന് കാണിക്കാനും ഷൂട്ടിങ്ങിന് തിരിച്ചെത്താന്‍ താനടക്കമുള്ള താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും ആത്മവിശ്വാസം തിരിച്ചുകൊണ്ടുവരാനും കഴിയൂവെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

ഫെബ്രുവരി 19-ന് നടന്ന അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. തുടര്‍ന്ന് കോടികളുടെ ബജറ്റില്‍ സിനിമ ഒരുക്കുകയും വലിയ ബോക്‌സ് ഓഫീസ് കളക്ഷന്‍ ലഭിക്കുകയും ചെയ്യുന്ന സിനിമകള്‍ നിര്‍മിക്കുന്ന വ്യവസായത്തില്‍ അംഗങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്താന്‍ കഴിയാത്തതിനെ കമൽഹാസൻ വിമര്‍ശിച്ചിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അദ്ദേഹം ഒരു കോടി രൂപ നല്‍കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook