മണിരത്നം എന്ത് ചെയ്താലും അതില്‍ വ്യതസ്തതയുണ്ടാവും – സിനിമയായാലും സിനിമ പ്രോമോഷനായാലും. മറു ചോദ്യം ചോദിക്കാതെ സിനിമാലോകം അതിനു കൈ കൊടുക്കുകയും ചെയ്യും. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് ‘സേ ഇറ്റ് വിത്ത് ലവ്’ ക്യാംപെയ്ൻ.
തന്‍റെ ഏറ്റവും പുതിയ ചിത്രമായ കാട്ര് വെളിയിടൈയുടെ പ്രചാരണത്തിനാണ് ഈ നവീനമായ ആശയം അദ്ദേഹം പരീക്ഷിക്കുന്നത്. കാട്ര് വെളിയിടൈ കണ്ണമ്മാ എന്ന ഭാരതിയാര്‍ കവിതയുടെ ആദ്യ വരി പാടി റെക്കോര്‍ഡ് ചെയ്തു അയയ്ക്കാനാണ് ക്യാംപെയ്ൻ. സ്നേഹത്തോടെ ആ വരികള്‍ പറയുന്ന ആര്‍ക്കും അയക്കാം.
കമലഹാസന്‍, ഗൗതം മേനോന്‍, ജയം രവി, റഹ്മാന്‍, പാർത്ഥിപന്‍, കാര്‍ത്തിക് സുബ്ബരാജ്, അര്‍ജുന്‍, കാര്‍ത്തി, വൈരമുത്തു, അതിഥി റാവു, ഖുശ്ബു, നദിയ മൊയ്തു എന്നിവരും ബോളിവുഡില്‍ നിന്നും രണ്‍വീര്‍ സിങ്, സഞ്ജയ് ദത്ത്, കല്കി കൊച്ച്ലിന്‍ തുടങ്ങിയവരും ഇതിനോടകം ക്യാംപെയ്നിൽ പങ്കെടെത്തു കഴിഞ്ഞു.
മദ്രാസ് ടാക്കീസ് എന്ന മണിരത്നത്തിന്‍റെ നിര്‍മാണ കമ്പനിയുടെ ഫെയ്സ്ബുക്ക് പേജിലാണ് ഈ വിഡിയോ പ്രൊമോഷന്‍ നടക്കുന്നത്. പങ്കെടുക്കുന്നവര്‍ക്കെല്ലാം ഓട്ടോഗ്രാഫ് ചെയ്യപ്പെട്ട ഓഡിയോ സിഡി സമ്മാനവുമുണ്ട്.
കാര്‍ത്തിയും അതിഥി റാവുവും നായികാനായകന്മാരാകുന്ന പ്രണയ ചിത്രമാണ് കാട്ര് വെളിയിടൈ. എ.ആര്‍.റഹ്മാന്‍ സംഗീതം പകര്‍ന്ന ഈ ചിത്രത്തിന്‍റെ ട്രെയിലർ, ഗാനങ്ങള്‍ എന്നിവക്ക് വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ 7നാണ് ചിത്രം റിലീസ് ചെയ്യുന്നത്.