ചെന്നൈ: അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ഹിന്ദു മക്കള്‍ കച്ചി (എച്ച്എംകെ) നടന്‍ കമല്‍ഹാസനെതിരെ പൊലീസില്‍ പരാതി നല്‍കി. ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് സംഘടന പരാതി നല്‍കിയതെന്ന് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു തമിഴ് ചാനലിന് കമല്‍ഹാസന്‍ നല്‍കിയ അഭിമുഖത്തിനിടെയാണ് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതെന്ന് ഹിന്ദു സംഘടന പറയുന്നു. സ്ത്രീയെ വെച്ച് ചൂതാട്ടം നടത്തിയെന്ന് വരച്ചിടുന്ന മഹാഭാരതത്തെയാണ് ഇന്ത്യ ഇത്രയും ആദരവോടെ കാണുന്നതെന്നാണ് കമല്‍ഹാസന്‍ പറഞ്ഞത്. സ്ത്രീയെ ഒരു ഉത്പന്നം കണക്കെയാണ് ഗ്രന്ധത്തില്‍ കാണിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

കമല്‍ഹാസന്‍ ഹിന്ദു വിരുദ്ധനാണെന്നും തങ്ങളുടെ മതവികാരം വ്രണപ്പെട്ടുവെന്നും എച്ച്എംകെ ആരോപിച്ചു. മുമ്പ് ഖുറാനെ കുറിച്ചോ ബൈബിളിനെ കുറിച്ചോ മോശമായിട്ട് കമല്‍ഹാസന്‍ സംസാരിച്ചിട്ടുണ്ടോയെന്നും എച്ച്എംകെ ചോദിച്ചു. കമല്‍ഹാസന്റെ പരാമര്‍ശത്തിനെിരെ നിരവധി പേര്‍ രംഗത്ത് വന്നിട്ടുമുണ്ട്. അഖില ഹിന്ദു മഹാസഭയും ദശാവതാരം താരത്തിനെതിരെ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

തമിഴ്നാട്ടില്‍ കമല്‍ഹാസനെതിരെ ചില സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തിയതായും വിവരമുണ്ട്. താരത്തിന്റെ ചിത്രം കീറി എറിഞ്ഞാണ് പ്രതിഷേധം നടന്നത്. കമല്‍ഹാസന്റെ കോലം കത്തിക്കാനുള്ള ശ്രമം പൊലീസ് വിഫലമാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് എതിരെയുള്ള പരാമര്‍ശത്തിലൂടെ വിവാദത്തില്‍ പെട്ടിട്ടുണ്ട് ഉലകനായകന്‍. അന്നും സമാനമായ പരാതികളും പ്രതിഷേധങ്ങളും താരത്തിനെതിരെ ഉണ്ടായിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook