ഉലകനായകന്‍ കമല്‍ഹാസന്റെ സ്വപ്‌ന സിനിമയായ ‘വിശ്വരൂപം 2’ നാളെ തിയേറ്ററുകളില്‍ എത്തുന്നു. 2013ല്‍ പുറത്തിറങ്ങിയ വിശ്വരൂപത്തിന്റെ രണ്ടാം ഭാഗമാണ് നാളെ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം. ആഗോള തലത്തിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

വിസാം അഹമ്മദ് കശ്മീരി എന്ന റോ ഏജന്റിന്റെ വേഷത്തിലാണ് കമല്‍ഹാസന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ആദ്യഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് അമേരിക്കയിലാണ്. ആഗോള ഭീകരവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കശ്മീരി മുസ്‌ലിം ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനവും വെല്ലുവിളികളുമാണ് ചിത്രത്തിന്റെ പ്രമേയം.

കമലിന്റെ രാഷ്ട്രീയ പ്രവേശനത്തിനു ശേഷമെത്തുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ‘വിശ്വരൂപം 2’ ന് ഉണ്ട്. കുറച്ചുദിവസം മുമ്പ് ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ആക്ഷന്‍ രംഗങ്ങള്‍ കമല്‍ ചെയ്തിരിക്കുന്നത്. ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കമലും സഹതാരങ്ങളും വളരെ അപകടകരമായ ആക്ഷന്‍ രംഗങ്ങളാണ് അഭിനയിച്ചു കാണിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.

വളരെ ആസ്വദിച്ചാണ് താന്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്തതെന്ന് കമല്‍ തന്നെ പറയുന്നു. ‘ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെല്ലാം വളരെ ആസ്വദിച്ചാണ് ഞാന്‍ ചെയ്തത്. വലിയ വിലയാണ് അതിന് നല്‍കേണ്ടി വന്നത്. എല്ലുകളിലും മറ്റും പരുക്ക് പറ്റി. നല്ല വേദനയുമുണ്ടായിരുന്നു. എന്നാല്‍ അതിനോടൊപ്പം എനിക്ക് കൈയ്യടികളും ലഭിച്ചിരുന്നു,’ കമലിന്റെ വാക്കുകള്‍.

ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജിബ്രാന്‍ ആണ്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, ആസ്‌കാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൂജ കുമാര്‍, ആന്‍ഡ്രിയ ജെറമിയ, ശേഖര്‍ കപൂര്‍, രാഹുല്‍ ബോസ്, ജയ്ദീപ് അഹ്ലാവത്, നാസര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook