scorecardresearch

മൃതദേഹം വിട്ടുകൊടുക്കൂ, പണം ഞാനടയ്ക്കാം, മുൻകാല നായികയ്ക്ക് വേണ്ടി കമൽ നടത്തിയ ഇടപ്പെടൽ

എന്റെ ഗുരുനാഥന്റെ ഭാര്യയാണ്. ഒപ്പം എന്റെ ആദ്യകാലചിത്രങ്ങളിൽ നായികയായി അഭിനയിച്ച ആൾ കൂടിയാണ്, എനിക്ക് വേണ്ടപ്പെട്ടവർ

Kamala Haasan, Usha Rani

ജൂൺ 21നായിരുന്നു തെന്നിന്ത്യൻ ചലച്ചിത്ര നടി ഉഷാറാണി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടത്.  ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഉഷാറാണിയുടെ  അന്ത്യം. ഉഷാറാണിയുടെ അവസാനനാളുകളിൽ സഹായഹസ്തവുമായി കമലഹാസൻ എത്തിയ അനുഭവം പങ്കുവയ്ക്കുകയാണ് ഉഷാറാണിയുടെ സഹോദരി രജനി.

ബാലതാരമായി എത്തി പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷാചിത്രങ്ങളിലെല്ലാം അഭിനയിച്ച ഉഷാറാണി കരിയറിന്റെ തുടക്കക്കാലത്ത് കമൽഹാസന്റെ നായികയായി ഏതാനും സിനിമകളിൽ അഭിനയിച്ചിരുന്നു. ഉഷാറാണിയുമായും സംവിധായകനും ഭർത്താവുമായ എൻ ശങ്കരൻ നായരുമായും ഏറെ ആത്മബന്ധം പുലർത്തിയിരുന്നു കമഹലാസൻ.

“കമലഹാസന് ചേച്ചിയുടെ കുടുംബത്തോട് വലിയ അടുപ്പമുണ്ടായിരുന്നു. ശങ്കരൻ നായരില്ലെങ്കിൽ ഇന്ന് കമലഹാസനുണ്ടാവുമായിരുന്നില്ല എന്ന് അദ്ദേഹമൊരിക്കൽ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ‘വിഷ്ണുവിജയം’ എന്ന ചിത്രത്തിലേക്ക് ശങ്കരനങ്കിൾ തന്നെ കാസ്റ്റ് ചെയ്യാൻ ധൈര്യം കാണിച്ചതാണ് തന്റെ കരിയറിൽ നിയോഗമായതെന്ന് കമൽഹാസൻ സാർ പലയാവർത്തി പറഞ്ഞിട്ടുണ്ട്,” ഉഷാറാണിയുടെ സഹോദരി രജനി പറഞ്ഞു.

“ചേച്ചിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത സമയത്ത് ചേച്ചിയുടെ മകൻ  വിഷ്ണു കമലഹാസൻ സാറിനെ വിളിച്ച് ചേച്ചിയുടെ അവസ്ഥ ബോധിപ്പിച്ചിരുന്നു. ‘എന്റെ ഗുരുനാഥന്റെ ഭാര്യയാണ്. ഒപ്പം എന്റെ ആദ്യകാലചിത്രങ്ങളിൽ നായികയായി അഭിനയിച്ച ആൾ കൂടിയാണ് ഉഷ, എനിക്ക് വേണ്ടപ്പെട്ടവർ, വേണ്ടത്ര കരുതൽ കൊടുക്കണം,’ എന്നാണ് അദ്ദേഹം ആശുപത്രി അധികൃതരെ വിളിച്ചു പറഞ്ഞത്.”

“ജൂൺ പതിനാലാം തിയ്യതിയോടെയാണ് ചേച്ചിയുടെ അവസ്ഥ മോശമാകുന്നത്.  രാവിലെയായപ്പോഴേക്കും ചേച്ചിയുടെ ശരീരത്തിൽ സോഡിയം ലെവൽ കുറഞ്ഞു. സംസാരിക്കുമ്പോൾ നാവ് കുഴയാൻ തുടങ്ങി. ക്രിയാറ്റിൻ കൂടി, പ്രോട്ടീൻ ലെവൽ കൂടി, എല്ലാം പെട്ടെന്ന് പെട്ടെന്നായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴാണ്  ‘അക്വുട്ട് കിഡ്നി പ്രോബ്ലം’ ആണെന്ന് അറിയുന്നത്.  ചേച്ചിയെ ഐസിയുവിൽ അഡ്മിറ്റ് ചെയ്തു. ”

“പതിനഞ്ചാം തിയ്യതിയോടെ ചേച്ചിയുടെ ഓർമയൊക്കെ പോയി. സ്ഥിതി വഷളായതോടെ ചേച്ചിയെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. ലക്ഷങ്ങളുടെ ചികിത്സാച്ചെലവ് ആണ് അവിടെ കാത്തിരുന്നത്. ആ സമയത്ത് തന്നെയാണ് കൊറോണയുടെ പശ്ചാത്തലത്തിൽ ചേച്ചിയുടെ മകന്റെ കമ്പനി അടയ്ക്കുന്നതും. അതോടെ ചേച്ചിയുടെ അസുഖവും ചികിത്സയുമെല്ലാം പ്രതിസന്ധിയിലായി.”

മാധ്യമപ്രവർത്തകനും ഞങ്ങളുടെ കുടുംബസുഹൃത്തുമായ ഗോപാലകൃഷ്ണൻ സാർ ആണ് സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് മണിയൻപിള്ള രാജുവേട്ടനെ അറിയിച്ചത്. രാജുവേട്ടൻ സുരേഷ് കുമാർ, പ്രിയദർശൻ, നിർമാതാവ് രഞ്ജിത്ത് തുടങ്ങിയവരെയും അറിയിച്ചു. അവരൊക്കെ സഹായവുമായി എത്തി. പക്ഷേ എന്നിട്ടും ചേച്ചിയെ രക്ഷിക്കാനായില്ല.

“മരിച്ചു കഴിഞ്ഞപ്പോൾ ആശുപത്രിയിൽ നിന്നും മൃതദേഹം വിട്ടുകിട്ടാൻ പിന്നെയും വേണം ലക്ഷങ്ങൾ. മോഹൻലാൽ ഇടവേള ബാബു മുഖാന്തരം വേണ്ട സഹായമെത്തിക്കാൻ ‘അമ്മ’യുടെ ഇൻഷുറൻസ് കാര്യങ്ങൾ നോക്കുന്ന ആളെ ഏർപ്പാടാക്കി. അന്ന് പക്ഷേ ലോക്ക്ഡൗണും ഞായറാഴ്ചയും ആയതിനാൽ പണം കിട്ടാൻ കുറേ സാങ്കേതികമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. കഴിയാവുന്നിടത്തു നിന്നൊക്കെ ഞങ്ങൾ പണം ശേഖരിച്ചു കൊണ്ടിരുന്നു. എന്നിട്ടും ഒന്നരലക്ഷത്തിലേറെ രൂപയുടെ കുറവ്. ഇനിയെന്തു ചെയ്യണം എന്നറിയാതെ നിൽക്കുമ്പോഴാണ് മോഹൻലാൽ ജയറാമിനെ വിളിച്ച് പറഞ്ഞതും ജയറാം കാര്യങ്ങൾ കമലഹാസനെ അറിയിച്ചതും. ഒടുവിൽ കമലഹാസൻ സാർ ഇടപ്പെട്ടു, ‘എത്ര പണം ബാക്കിയുണ്ടെങ്കിലും ഞാൻ അടച്ചോളാം, നിങ്ങൾ മൃതദേഹം വിട്ടുകൊടുക്കണം,’ എന്നാണ് അദ്ദേഹം ആശുപത്രി അധികൃതരോട് പറഞ്ഞത്.”

Read more: എന്റെ ചേച്ചി, അമ്മയും: ഉഷാറാണിയുടെ ഓർമകളിൽ സഹോദരി രജനി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kamal haasan usha rani