നടൻ കമൽഹാസന് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയിൽ നിന്നും തിരികെയെത്തിയ ശേഷം ചുമയുണ്ടായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് അദ്ദേഹം.
അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കോവിഡ് അവസാനിച്ചിട്ടില്ലെന്നും എല്ലാവരും സുരക്ഷിതമായി ഇരിക്കണമെന്നും കമൽഹാസൻ ട്വിറ്ററിൽ കുറിച്ചു.
“എന്റെ അമേരിക്കൻ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ, നേരിയ ചുമയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിലാണ് ഞാനിപ്പോൾ. മഹാമാരി ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് എല്ലാവരും മനസ്സിലാക്കുകയും അതിനനുസരിച്ച് പെരുമാറുകയും ചെയ്യുക. സുരക്ഷിതരായി ഇരിക്കുക,” അദ്ദേഹം ട്വിറ്റർ പേജിൽ കുറിച്ചു.
തന്റെ ഫാഷൻ ബ്രാൻഡായ ഹൗസ് ഓഫ് ഖദ്ദറിന്റെ ലോഞ്ചിനായാണ് താരം അമേരിക്കയിലേക്ക് പോയത്. കഴിഞ്ഞയാഴ്ച ചിക്കാഗോയിലായിരുന്നു പരിപാടി.
ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിന് ശേഷം കമൽഹാസൻ ബിഗ് ബോസ് തമിഴിന്റെ ഷൂട്ടിൽ പങ്കെടുത്തിരുന്നു. എന്നാൽ അപ്പോഴൊന്നും താരത്തിന് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. രണ്ടു ഡോസ് കോവിഡ് വാക്സിനും സ്വീകരിച്ച കമൽഹാസന് ഇത് ആദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.
കോവിഡ് സ്ഥിരീകരിക്കും മുൻപ്, ലോകേഷ് കനകരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വിക്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു അദ്ദേഹം. ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരും കമൽഹാസന് ഒപ്പം ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Also Read: മകളുടെ ജന്മദിനം ബുർജ് ഖലീഫയിൽ ആഘോഷിച്ച് അല്ലു അർജുൻ-ചിത്രങ്ങൾ