സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ വ്യാപകമായി നടക്കുന്ന മീ ടൂ ക്യാംപെയിനിന്റെ പശ്ചാത്തലത്തില്‍ ദിനംപ്രതി പുതിയ വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. തമിഴ് സിനിമാ മേഖലയില്‍ നിന്ന് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയി രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ മീ ടൂവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടനും രാഷ്ട്രീയനേതാവുമായ കമല്‍ ഹാസന്‍. ഇത്തരം അനുഭവങ്ങള്‍ തുറന്നു പറയുന്ന സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

‘ആരോപണവിധേയരായ ആളുകള്‍ മൗനം വെടിഞ്ഞ് സംസാരിക്കാന്‍ തയ്യാറാകണം. നമ്മളെല്ലാവരും ഇതില്‍ അഭിപ്രായം പറയാന്‍ നിന്നാല്‍ അതു ചിലപ്പോള്‍ തെറ്റായിപ്പോകും. സ്ത്രീകള്‍ അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കട്ടെ. മീ ടൂ മൂവ്‌മെന്റ് വളരെ സ്വാഗതാര്‍ഹമായൊരു മാറ്റമാണ്. പക്ഷെ അത് സത്യസന്ധമായിരിക്കണം,’സേലത്തേക്ക് യാത്രതിരിക്കാൻ  ചെന്നൈ  വിമാനത്താവളത്തിെലത്തിയ  അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മക്കള്‍ നീതിമയത്തിന്റെ പ്രതിനിധിയായി ജനങ്ങളെ കണ്ടു സംസാരിക്കാനാണ് അദ്ദേഹം സേലത്തേക്ക് പോകുന്നത്.

കഴിഞ്ഞദിവസം ഡിഎംകെ നേതാവും എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ കനിമൊഴിയും മീ ടൂവിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ തങ്ങള്‍ക്കുണ്ടായ ഇത്തരം അനുഭവങ്ങള്‍ തുറന്നു പറയാന്‍ ധൈര്യമായി മുന്നോട്ടുവരണമെന്നും അങ്ങനെ വരുന്നവരെ പിന്തുണയ്ക്കണമെന്നുമായിരുന്നു കനിമൊഴി ട്വിറ്ററിലൂടെ പറഞ്ഞത്.

ഒന്നിലധികം സ്ത്രീകളാണ് വൈരമുത്തുവിനെതിരായി ആരോപണം ഉന്നയിച്ചിരിക്കുന്നത്. രണ്ടുതവണ വൈരമുത്തു തന്നോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ചിന്മയിയുടെ വെളിപ്പെടുത്തല്‍. എതിര്‍ത്താന്‍ തന്റെ കരിയര്‍ തീര്‍ത്തുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ചിന്മയി പറയുന്നു.

അതേസമയം വൈരമുത്തു ഈ ആരോപണങ്ങളെയെല്ലാം നിഷേധിച്ചിരിക്കുകയാണ്. പ്രശസ്തരായ ആളുകള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ സാധാരണമാണെന്നും അതിപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നുമായിരുന്നു വൈരമുത്തുവിന്റെ പ്രതികരണം. ഇതിനു മുമ്പും അത്തരം ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സത്യം ജയിക്കുമെന്നുമായിരുന്നു വൈരമുത്തുവിന്റെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook