ശ്രുതി ഹാസനും കുടുംബവും സ്വയം നിരീക്ഷണവും ഐസൊലേഷനുമെല്ലാം വളരെ ഗൗരവമായി തന്നെയാണ് കാണുന്നത്. നാലു പേരും, അതായത് കമൽ ഹാസൻ, ശ്രുതി, അക്ഷര, സരിക എന്നിവർ താമസിക്കുന്നത് നാല് വീടുകളിലായാണ്. കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി തന്റെ കുടുംബം സ്വയം നിരീക്ഷണത്തിലാണെന്ന് മുംബൈ മിററിന് നൽകിയ അഭിമുഖത്തിൽ ശ്രുതി ഹാസൻ പറഞ്ഞു.

കമൽ ഹാസനും അക്ഷരയും ചെന്നൈയിലാണെങ്കിലും രണ്ടുപേരും രണ്ടു വീടുകളിലായാണ് താമസം. മുംബൈയിൽ മറ്റൊരു വീട്ടിലാണ് അമ്മ സരിക താമസിക്കുന്നത്.
“എന്റെ കുടുംബം മുഴുവനും സ്വയം നിരീക്ഷണത്തിലാണ്. ഡാഡിയും അക്ഷരയും ചെന്നൈയിലാണ്, പക്ഷേ പ്രത്യേക വീടുകളിലാണ്. ഞങ്ങൾ എല്ലാവരും പല സ്ഥലങ്ങളിൽ പല സമയങ്ങളിൽ യാത്ര ചെയ്തവരാണ്. അതുകൊണ്ട് എല്ലാവരും ഒരുമിച്ച് ഒരിടത്ത് സ്വയം നിരീക്ഷണത്തിൽ കഴിയുന്നതിൽ അർഥമില്ല. എല്ലാവരും അത്തരത്തിൽ ഒരു തീരുമാനം എടുക്കണം എന്നാണ് എനിക്കു തോന്നുന്നത്,” ശ്രുതി ഹാസൻ പറഞ്ഞു.

Read More: കൊറോണക്കാലത്ത് വീട്ടിൽ ചെയ്യാവുന്ന ലഘുവ്യായാമങ്ങൾ

തന്റെ ക്വാറന്റൈൻ അനുഭവങ്ങളെക്കുറിച്ചും ശ്രുതി സംസാരിച്ചു.
“ഒറ്റയ്ക്കാകുക എന്നത് എനിക്ക് ശീലമാണ്. പക്ഷെ പുറത്ത് പോകാൻ സാധിക്കാത്തതും, ഇതൊക്കെ എങ്ങോട്ടാണ് എത്രനാളാണ് എന്നറിയാത്തതുമാണ് പ്രയാസം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആളുകൾ ഇത് ഗൗരവമായി എടുക്കാൻ തുടങ്ങി. എന്തായാലും ഞാൻ തിരിച്ചെത്തുമ്പോഴേക്കും ചിത്രീകരണങ്ങളെല്ലാം നിർത്തിവച്ചിരുന്നത് ഭാഗ്യമായി.”

പ്രിയങ്ക ബാനർജി സംവിധാനം ചെയ്ത ദേവി എന്ന ഹ്രസ്വചിത്രത്തിലാണ് ശ്രുതി ഹാസനെ അവസാനമായി കണ്ടത്. ചിത്രത്തിൽ കജോൾ, നേഹ ധൂപിയ, നീന കുൽക്കർണി, മുക്ത ബാർവെ, സന്ധ്യ മത്രെ, രാമ ജോഷി, ശിവാനി രഘുവൻഷി, യശസ്വിനി ദയാമ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook