വേഷപ്പകർച്ചകൾ കൊണ്ട് എന്നും വിസ്മയിപ്പിച്ചിട്ടുള്ള നടന്മാരിൽ ഒരാളാണ് കമലഹാസൻ. തമിഴർക്ക് കമലഹാസൻ ഉലകനായകനാണ്. അറുപത്തി മൂന്നു വർഷമായി ഇന്ത്യൻ സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ് കമലഹാസൻ. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗായകൻ, കൊറിയോഗ്രാഫർ, മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങി നിരവധി റോളുകളിൽ കമൽഹാസൻ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിൽ കമൽഹാസൻ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ‘റിഥം സെക്ഷൻ’ എന്ന തലക്കെട്ടോടെയാണ് കമൽഹാസൻ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഒരു ബൗളിൽ താളം പിടിക്കുന്ന കമലഹാസനെയാണ് വീഡിയോയിൽ കാണാനാവുക.
ഓൾറൗണ്ടർ, ഇദ്ദേഹത്തിനു ചെയ്യാനറിയാത്ത കാര്യങ്ങളുണ്ടോ?, ക്രിയേറ്റീവായ മനുഷ്യർക്ക് അവരുടെ മനസ്സു മാത്രം മതി അത്ഭുതങ്ങൾ സൃഷ്ടിക്കാൻ, സകല കലാവല്ലഭൻ, മൾട്ടി ടാലന്റ് എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ.
1959 ആഗസ്ത് 12 നായിരുന്നു കമൽഹാസൻ ബാലതാരമായി അഭിനയിച്ച ആദ്യ ചിത്രം ‘കളത്തൂർ കണ്ണമ്മ’ റിലീസ് ചെയ്തത്. ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്കാരവും കമലഹാസനെ തേടിയെത്തി. ബാലതാരമായി അഭിനയജീവിതം ആരംഭിച്ച കമൽഹാസന് ഏറ്റവും വലിയ പിന്തുണ നൽകിയത് സഹോദരൻ ചാരുഹാസനായിരുന്നു. ഷൂട്ടിങ് ലൊക്കേഷനുകളിലും മറ്റും കമൽഹാസന്റെ സന്തതസഹചാരിയും കെയർ ടേക്കറുമായിരുന്നു ചാരുഹാസൻ. ജേഷ്ഠൻ എന്നതിനപ്പുറം അച്ഛന്റെ സ്ഥാനമാണ് ചാരുഹാസന്, ഇരുവരും തമ്മിൽ ഏതാണ്ട് 24 വയസ്സിന്റെ പ്രായവ്യത്യാസമുണ്ട്.
ആറു പതിറ്റാണ്ടു നീളുന്ന അഭിനയ ജീവിതത്തിനിടെ വിവിധ ഇന്ത്യൻ ഭാഷകളിലായി 150 ലേറെ സിനിമകളിലാണ് കമൽഹാസൻ വേഷമിട്ടത്. നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു.