നെടുമുടി വേണു എന്ന ബഹുമുഖ പ്രതിഭയുടെ വിയോഗവാർത്ത കേട്ട നടുക്കത്തിലാണ് സിനിമാലോകവും പ്രേക്ഷകരും. അപൂർവ്വ വ്യക്തിത്വത്തിന്റെ ഉടമയായ ആ ബഹുമുഖ പ്രതിഭയെ അനുസ്മരിക്കുകയാണ് കമൽഹാസൻ.
“ഞാൻ വേണുസാറിന്റെ വലിയൊരു ആരാധകനാണ്. ജീവിച്ചിരിക്കുമ്പോഴേ ഞാൻ ഇക്കാര്യം പലതവണ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ അദ്ദേഹത്തെ പോലെ ഒരാളില്ല. അതുകൊണ്ടാണ് ഞാൻ നിർബന്ധിച്ച് അദ്ദേഹത്തെ ‘ഇന്ത്യൻ’ എന്ന തമിഴ് സിനിമയിലേക്ക് കൂട്ടികൊണ്ടുവന്നത്. വളരെ അപൂർവ്വമാണ് നെടുമുടിയെ പോലൊരു പ്രതിഭ, ആ പ്രതിഭയെ എന്നും മിസ്സ് ചെയ്യും. ഒരുപാട് പേർക്ക് പ്രചോദനമായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്,” വേദനയോടെ കമൽഹാസൻ അനുസ്മരിച്ചതിങ്ങനെ. മാതൃഭൂമി ന്യൂസ് ചാനലിനോട് പ്രതികരിക്കുകയായിരുന്നു കമൽ ഹാസൻ.

നാടകരംഗത്തു നിന്നുമാണ് നെടുമുടി സിനിമയിൽ എത്തിയത്. അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി എന്നിവരുമായുള്ള സൗഹൃദമാണ് നെടുമുടി വേണുവിനെ സിനിമയിലേക്ക് എത്തിച്ചത്.
മലയാളസിനിമയിലെ ബഹുമുഖ പ്രതിഭയായിരുന്നു നെടുമുടി വേണു. സിനിമ, നാടന്‍ പാട്ട്, കഥകളി, നാടകം എന്നിവയിലെല്ലാം കഴിവുതെളിയിച്ച കലാകാരൻ. നടൻ എന്നതിനപ്പുറം തിരക്കഥ രചന, സംവിധാനം എന്നിവയിലും നെടുമുടി വേണു കഴിവു തെളിയിച്ചു. കാറ്റത്തെ കിളിക്കൂട് അടക്കം ആറോളം സിനിമകളുടെ തിരക്കഥാരചനയിൽ പങ്കാളിയായി. ‘പൂരം’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും അരങ്ങേറ്റം കുറിച്ചു. മൃദംഗം പോലുള്ള വാദ്യോപകരണങ്ങൾ വായിക്കുന്നതിലും പ്രാവിണ്യം നേടിയിരുന്നു നെടുമുടി വേണു. സീരിയൽ രംഗത്തും തിളങ്ങിയ താരമാണ് നെടുമുടി വേണു.
തമ്പ്, ആരവം, തകര, ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ,അച്ചുവേട്ടന്റെ വീട്, അപ്പുണ്ണി, പഞ്ചവടിപ്പാലം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, പാളങ്ങൾ, പഞ്ചാഗ്നി, താളവട്ടം, വൈശാാലി, ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വന്ദനം, ഹിസ് ഹൈനസ് അബ്ദുള്ള, പെരുന്തച്ചൻ, സർഗം, മണിച്ചിത്രത്താഴ്, സുന്ദരക്കില്ലാഡി, ബെസ്റ്റ് ആക്ടർ, നോർത്ത് 24 കാതം എന്നു തുടങ്ങി അഞ്ഞൂറോളം ചിത്രങ്ങളിൽ വേഷമിട്ടു. മൂന്നു തവണ ദേശീയ പുരസ്കാരങ്ങളും ആറു സംസ്ഥാന പുരസ്കാരങ്ങളും ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്.
പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ആണ് ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം.
Read more: നെടുമുടി വേണു അന്തരിച്ചു