നടൻ കമൽഹാസൻ കോവിഡ് മുക്തനായതായി ആശുപത്രി അധികൃതർ. കഴിഞ്ഞ ആഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കമൽ പൂർണമായും രോഗമുക്തി നേടിയതായി ആശുപത്രി അധികൃതർ ഇന്നലെ വൈകുന്നേരം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.
“നവംബർ 22-ന് ശ്രീരാമചന്ദ്ര മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച കമൽഹാസന് കോവിഡ് പോസിറ്റീവായിരുന്നു. അദ്ദേഹത്തിന് നേരിയ കോവിഡ് ഉണ്ടായിരുന്നു, അതിനായിരുന്നു ചികിത്സ. അദ്ദേഹം പൂർണ്ണമായി സുഖം പ്രാപിച്ചിട്ടുണ്ടെങ്കിലും ഡിസംബർ മൂന്ന് വരെ ഐസൊലേഷനിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഡിസംബർ നാല് മുതൽ അദ്ദേഹത്തിന് തന്റെ പതിവ് ജോലികൾ പുനഃരാരംഭിക്കാം” അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്ന ശ്രീരാമചന്ദ്ര മെഡിക്കൽ സെന്റർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.
കഴിഞ്ഞയാഴ്ച, കമൽഹാസൻ തന്നെയാണ് യുഎസിലെ യാത്ര കഴിഞ്ഞു മടങ്ങിയെത്തിയ താൻ കോവിഡ് പോസിറ്റീവാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്. ബിഗ് ബോസ് തമിഴ് സീസൺ അഞ്ചിന്റെ വാരാന്ത്യ എപ്പിസോഡ് ഷൂട്ട് ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് കമലിന് കോവിഡ് സ്ഥിരീകരിച്ചത്.
അദ്ദേഹം ചികിത്സയിലായിരുന്നതിനാൽ കഴിഞ്ഞ ആഴ്ചത്തെ വാരാന്ത്യ എപ്പിസോഡുകളിൽ അവതാരകയായി നടി രമ്യ കൃഷ്ണയാണ് എത്തിയത്. രമ്യയെ സ്റ്റേജിലേക്ക് വിളിക്കുന്നതിന് മുമ്പ് കമൽ ആശുപത്രിയിൽ നിന്നും വീഡിയോ കോളിലൂടെ സംസാരിക്കുകയും വാക്സിനേഷനുള്ള നന്ദി അറിയിക്കുകയും ചെയ്തു. എല്ലാവരോടും ഉടൻ തന്നെ വാക്സിനേഷൻ എടുക്കണമെന്ന് അഭ്യർത്ഥിച്ച അദ്ദേഹം, വാക്സിനേഷൻ നൽകിയ സംരക്ഷണം കൊണ്ടാണ് തനിക്ക് പ്രേക്ഷകരോട് ഇത്രയും ഊർജ്ജസ്വലമായി സംസാരിക്കാൻ കഴിഞ്ഞതെന്നും പറഞ്ഞു. “മഹാമാരി ഇതുവരെ അവസാനിച്ചിട്ടില്ല” എന്നും സുരക്ഷിതരായിരിക്കണമെന്നും അദ്ദേഹം എല്ലാവരെയും ഓർമ്മിപ്പിച്ചു.
കമൽഹാസന്റെ ഒന്നിലധികം ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. കമൽ നായകനാകുന്ന ‘വിക്രം’ സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. കമൽ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും വിജയ് സേതുപതിയും പ്രധാന കഥാപത്രങ്ങളായി എത്തുന്നുണ്ട്.