75-ാമത് കാൻ ചലച്ചിത്രമേളയിലേക്കാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്. ലോകം മുഴുവൻ ഉറ്റുനോക്കുന്ന കാൻ ചലച്ചിത്രമേളയിൽ തിളങ്ങുകയാണ് ഇന്ത്യൻ താരങ്ങളും. ഈ വർഷത്തെ കാൻ ജൂറിയിൽ ബോളിവുഡ് താരം ദീപിക പദുകോണും അംഗമായിട്ടുണ്ട്. പതിവുപോലെ കാനിലെ റെഡ് കാർപെറ്റിൽ ചുവടുവെയ്ക്കാൻ ഐശ്വര്യറായും അഭിഷേകിനും ആരാധ്യയ്ക്കുമൊപ്പം എത്തിച്ചേർന്നിട്ടുണ്ട്.
ഐ ആൻഡ് ബി മന്ത്രി അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ഭാഗമായി തമന്ന ഭാട്ടിയ, ഉലക നായകൻ കമൽഹാസൻ, എ ആർ റഹ്മാൻ, പൂജ ഹെഗ്‌ഡെ, നവാസുദ്ദീൻ സിദ്ദിഖി, ആർ മാധവൻ, ശേഖർ കപൂർ എന്നിവരും കാനിലെത്തിയിട്ടുണ്ട്.
കാൻ ഫിലിം മാർക്കറ്റിലെ ഇന്ത്യൻ പവലിയനിൽ ആറ് ഇന്ത്യൻ ചിത്രങ്ങളാണ് ഇത്തവണ അവതരിപ്പിക്കപ്പെടുക. റോക്കറ്ററി – ദി നമ്പി ഇഫക്റ്റ് (ഹിന്ദി, ഇംഗ്ലീഷ്, തമിഴ്), ഗോദാവരി (മറാത്തി), ആൽഫ ബീറ്റാ ഗാമ (ഹിന്ദി), ബൂംബാ റൈഡ് (മിഷിംഗ്), ധുയിൻ (മൈഥിലി). നിറയെ തത്തകളുള്ള മരം (മലയാളം) എന്നിവയാണ് ചിത്രങ്ങൾ.