എലിമിനേഷന്‍ പ്രക്രിയയിലേക്ക് നീങ്ങുന്ന ബിഗ് ബോസ് ഹൗസില്‍ ഒരു അതിഥി അപ്രതീക്ഷിതായി എത്തി. നടന്‍ കമല്‍ഹാസനാണ് മത്സരാര്‍ത്ഥികള്‍ക്ക് മുമ്പിലെത്തിയത്. എലിമിനേഷന്‍ നടക്കുന്ന ശനിയാഴ്ച്ചയാണ് കമല്‍ഹാസനെത്തുന്ന എപ്പിസോഡ് സംപ്രേഷണം ചെയ്യുക. മോഹന്‍ലാലും ഹൗസിലുണ്ട്. തന്റെ സിനിമയുടെ പ്രചരണാര്‍ത്ഥമാണ് കമല്‍ എത്തിയത്. കഴിഞ്ഞയാഴ്ച്ച തെലുഗ് ബിഗ് ബോസ് ഹൗസിലും വിശ്വരൂപം 2വിന്റെ പ്രചരണാര്‍ത്ഥം അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു.

മലയാളം ബിഗ് ബോസ് ഹൗസിലെത്തിയ ചിത്രങ്ങള്‍ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വേദിയില്‍ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. നാനി അവതാരകനാവുന്ന തെലുഗ് ബിഗ് ബോസിലും വിശ്വരൂപം 2വിനായി അദ്ദേഹം പ്രചരണം നടത്തി. ബിഗ് ബോസില്‍ ഇന്നും നാളെയും ആണ് എലിമിനേഷന്‍ നടക്കുക.

നേരത്തേ ദിലീപ് വിഷയത്തില്‍ മോഹന്‍ലാലിനെ കുറിച്ച് പരാമര്‍ശം നടത്തിയതിന് കമല്‍ ആദ്യമായാണ് മോഹന്‍ലാലിനെ കാണുന്നത്. മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന അമ്മ എന്ന മലയാള സിനിമാ നടീനടന്മാരുടെ കൂട്ടായ്മ നടന്‍ ദിലീപുമായി ബന്ധപ്പെട്ട വിഷയത്തില്‍ എടുത്ത നിലപാടിനെയാണ് കമല്‍ഹാസന്‍ വിമര്‍ശിച്ചു സംസാരിച്ചത്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ സംഘടനയില്‍ ഉള്‍ക്കൊള്ളിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ശരിയായ നടപടിയല്ല എന്നാണു കമല്‍ ചൂണ്ടിക്കാണിച്ചത്. അടുത്തിടെ മുംബൈ സന്ദര്‍ശിച്ച കമല്‍ ഇതിനെക്കുറിച്ച് മിഡ് ഡേ പത്രത്തിന് അനുവദിച്ച അഭിമുഖത്തിലും സംസാരിച്ചു.

Bigg bosses promote and celeberate #Vishwaroopam2 with crew & cast

A post shared by Kamal Haasan (@ikamalhaasan) on

“മോഹന്‍ലാല്‍ എന്റെ സുഹൃത്താണ്, ഞങ്ങള്‍ അയല്‍ക്കാരുമാണ്. എന്റെ കാഴ്ചപ്പാടുകളോട് അദ്ദേഹത്തിനു ചിലപ്പോള്‍ വിയോജിപ്പുകള്‍ ഉണ്ടാകാം, അതിനര്‍ത്ഥം ഞാന്‍ അദ്ദേഹത്തെക്കുറിച്ച് നല്ലത് മാത്രം പറഞ്ഞു കൊള്ളണം എന്നല്ല. നാളെ എന്റെ രാഷ്ട്രീയ നിലപാടുകളോട് ലാലിന് വിയോജിപ്പ്‌ ഉണ്ടെങ്കില്‍ അദ്ദേഹവും അതിനെക്കുറിച്ച് സംസാരിക്കും. ഞാനും അതില്‍ കെറുവിക്കേണ്ട കാര്യമില്ല.”, കമല്‍ വ്യക്തമാക്കി.

“ലിംഗ നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്നും നടന്മാരെ പിന്തിരിപ്പിക്കുന്നത് എന്താണ് എന്ന് മനസ്സിലാകുന്നില്ല. എല്ലാ പുരുഷന്മാരും ഇതിനെക്കുറിച്ച്‌ കണ്‍സേൺഡ് ആണ് എന്ന് എനിക്ക് ഉറപ്പുണ്ട്, എന്നാല്‍ അവര്‍ ഒരേ സമയം ഓള്‍ഡ്‌-ഫാഷന്‍ഡാണ് എന്നും കരുതേണ്ടി വരും. നാല്പതു വര്‍ഷം മുന്‍പ് തന്നെ ഈ രാജ്യത്തിന്റെ തലപ്പത്ത് ഒരു സ്ത്രീയിരുന്നിട്ടുണ്ട് എന്ന വസ്തുത നടന്മാര്‍ ഓര്‍ക്കേണ്ടതാണ്. അവരുടെ ഭാഗത്ത്‌ ചില വീഴ്ചകള്‍ ഉണ്ടായി, നമ്മള്‍ അതിനെ വിമര്‍ശിക്കുകയും ചെയ്തു. പക്ഷേ നമ്മള്‍ തന്നെ അവരെ തിരികെ അധികാരത്തിലേക്ക് കൊണ്ട് വന്നു. ഒരു സമൂഹമെന്ന നിലയില്‍ ഇവിടെ ആരും വിമര്‍ശനാതീതരല്ല, ആരെയും കാരണമില്ലാതെ വേട്ടയാടുന്നുമില്ല”, കമല്‍ കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook