ഉലകനായകൻ കമൽഹാസനു പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് മലയാളികളുടെ അഭിമാനതാരമായ ഫഹദ് ഫാസിൽ. ഫഹദിലെ നടനോട് തനിക്കുള്ള ഇഷ്ടത്തെ കുറിച്ച് മുൻപും അഭിമുഖങ്ങളിൽ കമൽ തുറന്നു പറഞ്ഞിട്ടുണ്ട്. ആ ഇഷ്ടം തന്നെയാണ്, വിക്രം എന്ന ചിത്രത്തിലെ ഏറെ അഭിനയസാധ്യതയുള്ള വേഷത്തിലേക്ക് ഫഹദിനെ ക്ഷണിക്കാൻ കമലഹാസന് പ്രചോദനമായതും. ഫഹദിന്റെ കഥാപാത്രത്തിന് ‘വിക്ര’ത്തിൽ ലഭിക്കുന്ന പ്രാമുഖ്യവും ചേർത്തുനിർത്തലുകളും ഇരുതാരങ്ങൾക്കുമിടയിലെ സ്നേഹവായ്പു കൂടി വെളിവാക്കുന്നതായിരുന്നു.
ഫഹദിന്റെ പുതിയ ചിത്രം മലയൻകുഞ്ഞ് നാളെ തിയേറ്ററുകളിലേക്ക് എത്താനിരിക്കെ, തന്റെ പ്രിയപ്പെട്ട നടന് ആശംസകൾ നേർന്നുകൊണ്ട് കമൽഹാസൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നു. മലയൻകുഞ്ഞിന്റെ ട്രെയിലർ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടായിരുന്നു കമലിന്റെ പ്രതികരണം. ഫാസിലിന്റെ കുഞ്ഞ് തന്റെയുമാണെന്നാണ് സ്നേഹവായ്പോടെ കമൽ കുറിച്ചത്.
“ഫാസിലിന്റെ കുഞ്ഞ് എന്റെയുമാണ്. എല്ലാ സമയത്തും മികവ് വിജയിക്കട്ടെ. ഫഹദ് മുന്നേറുന്നു. എന്റെ എല്ലാ ഏജന്റുമാരും വിജയിക്കണം. പരാജയം ഒരു തിരഞ്ഞെടുപ്പല്ല. ഒരു ടീം എന്താണെന്ന് അവരെ കാണിക്കൂ,” കമൽ കുറിക്കുന്നു.
Malayankunju Release: ‘മലയൻകുഞ്ഞ്’ എന്ന സർവൈവൽ ത്രില്ലർ
ഫഹദ് നായകനാകുന്ന ‘മലയൻകുഞ്ഞ്’ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സജിമോനാണ്. മഹേഷ് നാരായണൻ, വൈശാഖ്, വി.കെ. പ്രകാശ് എന്നിവരുടെ അസോഷ്യേറ്റ് ആയിരുന്നു സജിമോൻ. ഫാസിലാണ് ചിത്രം നിർമ്മിക്കുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിലുള്ള ഒരു സർവൈവൽ ത്രില്ലറാണ് ചിത്രം. “ഒരാളുടെ ജീവിതത്തെ ഏറ്റവും കൂടുതൽ അലട്ടിയ ശബ്ദം അയാളുടെ ജീവിതത്തിന്റെ പ്രതീക്ഷയായി മാറുകയാണ് ചിത്രത്തിൽ. നിങ്ങൾ ട്രെയിലറിൽ കണ്ടതെന്താണോ അതാണ് ഈ സിനിമ. പരസ്യങ്ങളിൽ പറയുന്നതുപോലെ ക്ലോസ്ട്രോഫോബിയ ഉള്ള ആളുകൾക്ക് ഈ സിനിമ ബുദ്ധിമുട്ടായിരിക്കും. പക്ഷേ അവർക്കേ ഇത് കുറച്ചുകൂടി മനസ്സിലാകൂ. ഇതുപോലൊരു സിനിമ മലയാളത്തിൽ വേറെ ഇല്ലെന്ന് എനിക്ക് പറയാനാകും,” എന്നാണ് ചിത്രത്തെ കുറിച്ച് ഫഹദ് മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
രജിഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മഹേഷ് നാരായണനാണ് മലയൻകുഞ്ഞിന്റെ തിരക്കഥയൊരുക്കിയത്. സീ യു സൂൺ, മാലിക് എന്നീ ചിത്രങ്ങൾക്കു ശേഷം ഇരുവരും ഒന്നിക്കുകയാണ് ‘മലയൻകുഞ്ഞി’ലൂടെ. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നതും മഹേഷ് ആണ്. എ ആര് റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. വിഷ്ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് സൗണ്ട് ഡിസൈനര്‍മാർ.