സൂപ്പർ സ്റ്റാർ കമൽഹാസന്റെ ഏറ്റവും പുതിയ ചിത്രമായ ‘വിക്രം’ കരുത്തോടെ ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
തമിഴ്‌നാട്ടിൽ ഇതുവരെ 127 കോടി രൂപ കളക്ഷനാണ് വിക്രം നേടിയിരിക്കുന്നത്. ആറ് പതിറ്റാണ്ടിലേറെ നീണ്ട കമൽഹാസന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം. സിനിമയുടെ ഇതുവരെയുള്ള ആഭ്യന്തര കളക്ഷൻ 210 കോടിയിലധികം വരുമെന്നാണ് സൂചന. 10 ദിവസം കൊണ്ട് തമിഴ്‌നാട്ടിൽ നിന്നും 127 കോടിയും കേരളത്തിൽ 31 കോടിയും തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് 25 കോടിയും കർണാടകയിൽ നിന്ന് 18 കോടിയും ഹിന്ദി പ്രേക്ഷകരിൽ നിന്നും 8.5 കോടിയും നേടിയതായി സിനിട്രാക്ക് റിപ്പോർട്ട് ചെയ്യുന്നു.
ഗൾഫ് രാജ്യങ്ങളിൽ നിന്നും 33.9 കോടി കളക്ഷൻ നേടിയ വിക്രം അവിടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായി മാറി. മറ്റ് അന്താരാഷ്ട്ര വിപണികളിലെ മുൻ തമിഴ് ബ്ലോക്ക്ബസ്റ്ററുകളുടെ കളക്ഷനുകളും വിക്രം മറികടന്നു. അന്താരാഷ്ട്ര വിപണിയിൽ നിന്ന് വിക്രം 105 കോടി രൂപ നേടിയതായും സിനിട്രാക്ക് അവകാശപ്പെട്ടു.

ജൂൺ 3 മുതൽ ഇതുവരെ വിക്രമിന്റെ ലോകമെമ്പാടുമുള്ള ടിക്കറ്റ് വിൽപ്പനയിൽ നിന്ന് 315 കോടി രൂപ നേടിയതായി കണക്കാക്കപ്പെടുന്നു. തിങ്കളാഴ്ച ചെന്നൈയിൽ രക്തദാന ക്യാമ്പയിൻ ആരംഭിച്ചതിന് ശേഷം ഒരു പത്രസമ്മേളനത്തിൽ സംസാരിക്കവെ കമൽ ഹാസനും ഇക്കാര്യം സ്ഥിരീകരിച്ചു.
“എല്ലാവരും പുരോഗമിക്കണമെങ്കിൽ, പണത്തെക്കുറിച്ച് വിഷമിക്കേണ്ടതില്ലാത്ത ഒരു നേതാവ് നിങ്ങൾക്ക് ആവശ്യമാണ്. ഒറ്റയടിക്ക് 300 കോടി സമ്പാദിക്കാം എന്ന് പറഞ്ഞപ്പോൾ ആർക്കും മനസ്സിലായില്ല. ഞാൻ വെറുതെ പറയുകയാണെന്ന് അവർ കരുതി. ഇപ്പോൾ അത് വരുന്നത് നിങ്ങൾക്ക് കാണാം (വിക്രം ബോക്സ് ഓഫീസ് കളക്ഷൻ). എന്റെ എല്ലാ കടങ്ങളും ഞാൻ തിരിച്ചടയ്ക്കും, ഞാൻ എന്റെ തൃപ്‌തിക്ക് ഭക്ഷണം കഴിക്കും, എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എനിക്ക് കഴിയുന്നതെല്ലാം ഞാൻ നൽകും. അതിനു ശേഷം ഒന്നും ബാക്കിയില്ലെങ്കിൽ ഇനി കൊടുക്കാൻ എന്റെ പക്കൽ ഇല്ല എന്ന് പറയും. മറ്റൊരാളുടെ പണം വാങ്ങി മറ്റുള്ളവരെ സഹായിക്കുന്നതായി അഭിനയിക്കേണ്ടതില്ല. എനിക്ക് വലിയ പദവികളൊന്നും വേണ്ട. ഒരു നല്ല മനുഷ്യനാകാൻ ഞാൻ ആഗ്രഹിക്കുന്നു,” കമൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ വിക്രം നിർമ്മിച്ചതും കമൽഹാസനാണ്. 1986ൽ പുറത്തിറങ്ങിയ ‘വിക്രം’ എന്ന ചിത്രത്തിൽ കമൽഹാസൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഒരു സ്പിൻ ഓഫാണ് ചിത്രം. ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്നിരുന്നു.