സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രം പത്മാവതിക്കും നായിക ദീപിക പദുക്കോണിനും പിന്തുണയുമായി ഉലകനായകന്‍ കമല്‍ഹാസന്‍. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ ദീപികയുടേയും സംവിധായകന്റെയും തലയെടുക്കുമെന്നും അങ്ങനെ ചെയ്യുന്നവര്‍ക്ക് പത്തു കോടി രൂപ പാരിതോഷികം നല്‍കുമെന്നും പ്രഖ്യാപിച്ചുകൊണ്ട് വിവിധ ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പിന്തുണയുമായി കമല്‍ഹാസന്‍ രംഗത്തെത്തിയത്.

‘ദീപികയുടെ തല സംരക്ഷിക്കപ്പെടണം. അവരുടെ ഉടലിനെക്കാള്‍ തലയെ ബഹുമാനിക്കുന്നു. അതിലുപരി അവരുടെ സ്വാതന്ത്ര്യത്തെ. ആ സ്വാതന്ത്ര്യം അവര്‍ക്ക് നിഷേധിക്കരുത്. എന്റെ സിനിമകളെയും പലരും മാറ്റിനിര്‍ത്തിയിട്ടുണ്ട്. ഏതു സംവാദങ്ങളിലും തീവ്രവാദം എന്നത് പരിതാപകരമാണ്. ഇന്ത്യ ഉണരണം. ചിന്തിക്കേണ്ട സമയമാണ്. ആവശ്യത്തിന് പറഞ്ഞു കഴിഞ്ഞു. ഇനി കേള്‍ക്കൂ, മാ ഭാരത്’ കമല്‍ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.

ദീപികയുടെയും ബന്‍സാലിയുടേയും തലകൊയ്യുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ഹരിയാനയിലെ ബിജെപി മുഖ്യ മാധ്യമ കോര്‍ഡിനേറ്റര്‍ സുരാജ് പാല്‍ അമു പ്രഖ്യാപിച്ചതിനു പുറമെയായിരുന്നു കമലിന്റെ പ്രതികരണം.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് സിനിമയുടെ റിലീസ് മാറ്റിയിരുന്നു. ഡിസംബര്‍ ഒന്നിനായിരുന്നു നേരത്തേ റിലീസ് പ്രഖ്യാപിച്ചിരുന്നത്. അതിനിടെ ചിത്രം നിരോധിക്കണമെന്ന ആവശ്യം ഇന്നലെ സുപ്രീംകോടതി തള്ളി. സെന്‍സര്‍ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി അറിയിച്ചു.

റാണി പത്മിനിയെ മോശമായി ചിത്രീകരിക്കുന്ന സിനിമയാണെന്ന് ആരോപിച്ചുകൊണ്ടാണ് വിവിധ സംഘടനകള്‍ പത്മാവതിക്കെതിരെ രംഗത്തെത്തിയത്. അതിനിടെ മധ്യപ്രദേശ് സര്‍ക്കാര്‍ ചിത്രം നിരോധിച്ചു. പത്മാവതിക്ക് പ്രദര്‍ശനാനുമതി നല്‍കും മുമ്പ് ചിത്രത്തിനെതിരെ ഉയരുന്ന പൊതു കാഴ്ചപ്പാടും വിയോജിപ്പും കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്തയച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് കൊലവിളികള്‍ ഉയര്‍ന്നത്. രജ്പുത് സേന ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ നിന്നാണ് പത്മാവതിക്കെതിരെ എതിര്‍പ്പുയരുന്നത്. ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാരോപിച്ചാണ് എതിര്‍പ്പ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ