തെലുങ്ക് സിനിമാലോകത്ത് രണ്ട് വമ്പൻ ഹിറ്റുകൾ സ്വന്തമാക്കിയിരിക്കുകയാണ് കമൽഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസൻ. ചിരഞ്ജീവിയ്‌ക്കൊപ്പമുള്ള ‘വാൾട്ടെയിർ വീരയ്യ’, നന്ദമുരി ബാലകൃഷ്ണയ്‌ക്കൊപ്പമുള്ള ‘വീര സിംഹ റെഡ്ഡി’ എന്നിവയാണ് ശ്രുതിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങൾ. പ്രഭാസ് കേന്ദ്രകഥാപാത്രമായി എത്തുന്ന ‘സലാറാ’ണ് ശ്രുതിയുടെ അടുത്ത ചിത്രം. സിനിമയിലെത്തി പതിനാലു കൊല്ലങ്ങൾക്കു ശേഷവും തന്റേതായ സ്ഥാനം മേഖലയിൽ നിലനിർത്താൻ ശ്രുതിയ്ക്കായി.
സിംഗപൂരിൽ നടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെയാണ് കമലഹാസൻ മകളെ ആദ്യമായി പരിചയപ്പെടുത്തുന്നത്. ശ്രുതിയുടെ പിറന്നാൾ ദിവസമായ ഇന്ന് കുഞ്ഞ് ശ്രുതി ഹാസന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. വേദിയിൽ നിന്ന് പാട്ടു പാടുന്ന താരത്തിന്റെ വീഡിയോ ശ്രുതി തന്നെ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ പങ്കുവച്ചിട്ടുണ്ട്.
ചെറിയ മാജിക്ക് ട്രിക്കുകൾ കാണിച്ചാണ് കമലഹാസൻ ശ്രുതിയെ ആരാധകർക്കായി പരിചപ്പെടുത്തിയത്. ആദ്യം തമിഴിൽ സംസാരിക്കാൻ തുടങ്ങിയ ശ്രുതി അച്ഛന്റെ നിർദേശം അനുസരിച്ച് ഇംഗ്ലീഷ് സംസാരിക്കുന്നതും കാണാം. കമലഹാസന്റെ ആദ്യ ഭാര്യയും ശ്രുതിയുടെ അമ്മയുമായ സരികയും വേദിയിലുണ്ട്.
“ദേവർ മകൻ എന്ന ചിത്രത്തിൽ ഞാൻ ഗാനം ആലപിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സ്റ്റേജിൽ പാടുന്നത്. എന്റെ കാലുകൾ നല്ലവണ്ണം വിറക്കുന്നുണ്ട്, പക്ഷെ പട്ടുപാവാട അണിഞ്ഞിരിക്കുന്നതു കൊണ്ട് നിങ്ങൾക്കത് കാണാൻ കഴിയില്ല. സംസാരിച്ചു തുടങ്ങിയാൽ ഞാൻ സംസാരിച്ചു കൊണ്ടേയിരിക്കും, അതുകൊണ്ട് നമുക്ക് പാട്ടിലേക്ക് കടക്കാം. നല്ലതാണെങ്കിൽ നിങ്ങൾക്കു കയ്യടിക്കാം. എന്തായാലും ഞാനൊരു ചെറിയ കുട്ടിയല്ലേ” ശ്രുതി വേദിയിൽ പറഞ്ഞതിങ്ങനെയായിരുന്നു.