ഇന്ത്യന്‍ സിനിമയുടെ വെള്ളിത്തിരയിലെ ഏറ്റവും മനോഹരമായ കെമിസ്ട്രിയായിരുന്നു കമല്‍ഹാസന്റേയും ശ്രീദേവിയുടേയും. ശ്രീദേവിയുടെ അകാല വിയോഗം വിശ്വസിക്കാനാകാത്ത നടുക്കമാണ് കമലിന്.

പെയ്തൊഴിഞ്ഞ ‘ദേവരാഗം’

”കണ്ണൈ കലൈമാനേ…. മൂട്രാം പിറൈയിലെ ആ ഗാനം എന്റെ കാതുകളില്‍ അലയടിക്കുകയാണ്. കുട്ടിയായി വന്ന് യുവതിയായും താരമായും ശ്രീദേവി മാറിയതിന്റെ ഓരോ ഘട്ടത്തിനും ഞാനും സാക്ഷിയായിരുന്നു. ഏറ്റവും അര്‍ഹിക്കുന്നതു തന്നെയായിരുന്നു ആ താരപദവി. ശ്രീദേവിക്കൊപ്പമുള്ള അനവധി മനോഹരങ്ങളായ നിമിഷങ്ങള്‍ എന്റെ മനസ്സിലൂടെ കടന്നുപോകുന്നുണ്ട്. അവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നു. നമ്മള്‍ ശ്രീദേവിയെ മിസ്സ് ചെയ്യും.”

ശ്രീദേവിയുടെ നേട്ടങ്ങൾ വെറും ഭാഗ്യമല്ലെന്നും അത് അവരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണെന്നും കമൽ പറഞ്ഞു. അഭിനയ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സ്വയം നവീകരിക്കാൻ അവർ ശ്രമിച്ചിട്ടുണ്ടെന്നും തങ്ങൾക്കിടയിൽ സ്നേഹവും സൌഹൃദവുമുണ്ടായിരുന്നതായും കമൽ പറഞ്ഞു. സദ്മയിലെ പാട്ട് ഇപ്പോളും തന്റെ കാതുകളിൽ കേൾക്കാമെന്നു പറഞ്ഞു കമൽഹാസൻ വിതുമ്പി.

Read More: മരണത്തിനു തൊട്ടു മുന്‍പ് ശ്രീദേവി പങ്കെടുത്ത പാര്‍ട്ടി ദൃശ്യങ്ങള്‍

1976ല്‍ പുറത്തിറങ്ങിയ ‘മൂട്ര് മുടിച്ച്’ എന്ന ചിത്രമുള്‍പ്പെടെ 27 ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചു. ചലച്ചിത്ര ലോകത്തെ സ്ത്രീ പുരുഷ സൗന്ദര്യത്തിന്റെ പേരുകളായിരുന്നു ഇരുവരും. 1982ല്‍ പുറത്തിറങ്ങിയ ‘മൂട്രാം പിറൈ’ ഇരുവരുടേയും അഭിനയ ജീവിത്തിലെ പ്രധാന ചിത്രങ്ങളില്‍ ഒന്നായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് ശ്രീദേവിക്ക് തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ